പാലാ: രാഷ്ട്രീയം വേറെ വഴി ഒന്ന്! വികസനത്തിന് കൈ കൊടുത്ത് പാലാ നഗരസഭാ ഭരണ പ്രതിപക്ഷ കൗൺസിലർമാർ
പാലാ നഗരസഭ കൊച്ചിടപ്പാടി കവീക്കുന്ന് വാർഡുകളുടെ അതിർത്തിയായ പഴയപുരയ്ക്കൽ കടവ് റോഡ് ( രാജീവ് ഗാന്ധി റോഡ് ) വീതി കൂട്ടി നവീകരിക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചതായി പ്രതിപക്ഷ കൗൺസിലർ സിജി ടോണി തോട്ടത്തിലും ഭരണപക്ഷ കൗൺസിലർ ജോസ്. ജെ.ചീരാംകുഴിയും അറിയിച്ചു. റോഡ് വികസനത്തിനായി ആദ്യഘട്ടത്തിൽ 7 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ തോമസ് പൈകട ഉറുമ്പേലിനെ ഇരുവരും അഭിനന്ദിച്ചു. റോഡിനായി കൂടുതൽ സ്ഥലം സൗജന്യമായി വിട്ടുനൽകുന്നവർക്ക് കയ്യാല വച്ച് നൽകും. റോഡിന്റെ ചില ഭാഗങ്ങളിൽ നിലവിൽ പത്തടി വീതി മാത്രമാണ് ഉണ്ടായിരുന്നത്. റോഡ് വികസനം പൂർത്തിയാവുന്നതോടെ റോഡിലൂടെ എളുപ്പത്തിൽ രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം ആരംഭിച്ചത്.
സിജി ടോണി തോട്ടത്തിൽ, ജോസ് ജെ ചീരാംകുഴിയിൽ ,തോമസ് പൈകട ഉറുമ്പേൽ ,തോമസ് മാത്യു നടയ്ക്കൽ എന്നിവർ രക്ഷാധികാരികളായും ടോണി തോട്ടത്തിൽ കൺവീനറായും ബാബു മുകാല, എസ് സുകുമാരൻ നായർ ,സണ്ണി പാനായിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും മോഹനൻ ചാരംതൊട്ടിയിൽ സെക്രട്ടറിയായും അമ്മിണി പെരുമ്പ്രാത്ത് ജോയിന്റ് സെക്രട്ടറിയായും ഉള്ള കമ്മറ്റിയാണ് നിലവിലുള്ളത്. നഗരസഭാംഗം സിജി ടോണി മുൻകൈയെടുത്ത റോഡ് വികസന പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ജോസ് ചീരാംകുഴിയും മാതൃകയായി മാറി. ജനപ്രതിനിധികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയപ്പോൾ ആശംസകളുമായി മുൻ വൈസ് ചെയർമാൻ കെ.ആർ മുരളീധരൻ നായർ, മുൻ നഗരസഭാംഗങ്ങളായ ആന്റണി മാളിയേക്കൽ, ഒ.ആർ സോമൻ തുടങ്ങിയവരും പ്രദേശത്ത് എത്തിച്ചേർന്നു.