rubber

കേന്ദ്രസർക്കാർ നാല് പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള കരട് ബില്ലുകൾ വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. റബർ, ഏലം, തേയില, കാപ്പി തുടങ്ങി കേരളത്തിൽ ഏറെ കൃഷി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിളകളെ സംബന്ധിച്ചാണ് നിയമങ്ങൾ. ഇപ്പോഴുള്ളവ മാറ്റി, പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റ് വഴി പുറത്തായപ്പോൾ മാത്രമാണ്, ഇങ്ങനെയൊരു നീക്കം നടക്കുന്നതായി ജനം അറിഞ്ഞത്. ആക്ഷേപം അറിയിക്കാനും ജനത്തിന് പറയാനുള്ളത് കേൾക്കാനും, സമയം അനുവദിച്ചിരിക്കുന്നു എന്ന് വരുത്താൻവേണ്ടി മാത്രമാണ് ഒരു പത്രത്തിൽപ്പോലും പ്രസിദ്ധീകരിക്കാതെ, വെബ്‌സൈറ്റിലിട്ടത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിലൂടെ ബന്ധപ്പെട്ട എല്ലാവരും ഇവയെക്കുറിച്ച് അറിയണമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ, ഇതറിയാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത സാധാരണക്കാരായ ലക്ഷക്കണക്കിനു കൃഷിക്കാരും തൊഴിലാളികളുമുണ്ട് എന്ന കാര്യം കേന്ദ്രസർക്കാർ മറക്കുകയാണോ?
റബർ, ഏലം ഉൾപ്പെടുന്ന സ്‌പൈസസ്, തേയില,കാപ്പി, എന്നിവയ്‌ക്കൊക്കെ ഇക്കാലമത്രയും പ്രത്യേക 'ബോർഡുകൾ' ഉണ്ടായിരുന്നു. ഈ ബോർഡുകൾക്ക് കൃഷിക്കാരെ സഹായിക്കാൻ കാര്യമായ ചുമതലകളും ഉത്തരവാദിത്വങ്ങളും കൊടുത്തിരുന്നു. എന്നാൽ ബോർഡുകളുടെ രീതി ആകെ മാറുകയാണ്. ബോർഡുകൾക്ക് പുതിയ നിയമങ്ങളിൽ പഴയ പ്രാധാന്യമില്ല. പുതിയ നിയമങ്ങളുടെ 'പേരിൽ' ത്തന്നെ വലിയ വ്യത്യാസം ഉണ്ടാക്കിയിരിക്കുന്നു. പ്രോത്സാഹനവും, വികസനവുമാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നത്തക്ക വിധത്തിൽ ഓരോ നിയമത്തിന്റെയും പേരിൽത്തന്നെ 'പ്രൊമോഷൻ', 'ഡെവലപ്‌മെന്റ് ' എന്നീ വാക്കുകൾ ഉൾപ്പെടുത്തി. അമിതമായ അധികാരം കേന്ദ്ര ഗവൺമെന്റ് കൈയടക്കുന്നതിലൂടെ ബന്ധപ്പെട്ട ബോർഡുകളറിയാതെ തീരുമാനങ്ങളെടുക്കാനും ബോർഡുകളുടെ തീരുമാനത്തിന് എതിരായ തീരുമാനമെടുക്കാനുമുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഈ നാല് കൃഷികളും സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാരിന് എങ്ങനെ ഏറ്റെടുക്കാനാവും? ഇതു നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണ്.

വലിയ തോതിൽ രാജ്യത്തിനുവേണ്ടി സമ്പത്ത് ഉത്‌പാദിപ്പിക്കുന്ന കർഷകരുടെ പ്രയത്നം ഉൾപ്പെടെ, അതുമായി ബന്ധപ്പെട്ട സകല ബിസിനസുകളും വ്യവസായങ്ങളും ഏറ്റെടുക്കുക എന്ന ചുമതല , ഈ നിയമങ്ങൾ പ്രകാരം കേന്ദ്രസർക്കാരിനാണ്. റബർ,ഏലം, തേയില, കാപ്പി എന്നീ കൃഷികളും ബിസിനസും വ്യവസായവും അവ ആരുടേതാണെങ്കിലും, ഈ പുതിയ നിയമങ്ങൾ പാസായാൽ അവയുടെ പൂർണനിയന്ത്രണം കേന്ദ്രസർക്കാരിനായിരിക്കും. ഞെട്ടലോടെ മാത്രമേ ഇതേക്കുറിച്ച് ഏതൊരു ഇന്ത്യൻ പൗരനും ചിന്തിക്കാനാവൂ. ഇത്ര ഭീതിജനകമായ രീതിയിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് അനുവദിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഈ നിയമം ഒരു കാരണവശാലും പാർലമെന്റിൽ വയ്ക്കുകയോ,പാസാക്കുകയോ ചെയ്യരുത്.

കർഷകൻ അത്യദ്ധ്വാനം ചെയ്‌താണ് ഓരോ വിളയും ആദായമെടുക്കത്തക്ക രീതിയിലാക്കുന്നത്. കണ്ണൂർ സ്വദേശിയായ മുഹമ്മദ് എന്നയാൾ കേരള ഹൈകോടതിയിൽ ഒരിക്കൽ ഒരു കേസ് കൊടുത്തു. സർഫാസി നിയമപ്രകാരം തന്റെ 'റബർ കൃഷി' ചെയ്ത ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയായിരുന്നു കേസ് . പക്ഷേ വിധി വന്നപ്പോൾ അത് മുഹമ്മദിന് എതിരായിരുന്നു. കൃഷിഭൂമി ആണെങ്കിൽ ഒഴിവാക്കാമായിരുന്നു, പക്ഷേ ഇവിടെ ചെയ്തിട്ടുള്ളത് റബർ അല്ലേ, എന്നു പറഞ്ഞാണത്. വിധിവന്നശേഷം അതിനെ ചോദ്യംചെയ്തുകൊണ്ട് അപ്പീൽ പോകാനുള്ള ധനശേഷി ഇല്ലാത്തത് കൊണ്ടാവാം, മുഹമ്മദ് പിന്നീട് കോടതിയെ സമീപിക്കുകയോ അപ്പീൽ കൊടുക്കുകയോ ചെയ്തില്ല. ഏതാണ്ട് ഒരു കൊല്ലത്തോളം കഴിഞ്ഞപ്പോഴാണ് ഈ വിധി എന്റെ ശ്രദ്ധയിൽപെട്ടത്. പലരീതിയിൽ ഈ വിധി കൃഷിക്കാരന് ഏറ്റവും വലിയ ദ്രോഹമായി മാറുമെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.'റബർ' 'കൃഷി' അല്ലെന്ന് തീർത്തുപറയുമ്പോൾ കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് ആനുകൂല്യങ്ങൾ റബർ കൃഷിക്കാരന് ഇല്ലാതാകുമെന്ന് എനിക്ക് ബോദ്ധ്യമായി. അതുകൊണ്ട് ഞാൻ ആ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ പൊതുതാത്‌പര്യ അപ്പീൽ ഫയൽ ചെയ്തു. ഞാൻ തന്നെയാണ് കേസ് വാദിച്ചത്. ബന്ധപ്പെട്ട എതിർകക്ഷികൾക്ക് നോട്ടീസയച്ചു വരുത്തിയശേഷം അവസാനവാദം കേട്ടപ്പോൾ എന്റെ വാദത്തിന്റെ പ്രാധാന്യം കോടതി പൂർണമായും ഉൾക്കൊള്ളാൻ തയ്യാറായി. ഒരു കാരണവശാലും കീഴ്‌കോടതിയുടെ വിധി നിലനിൽക്കില്ലെന്ന് അംഗീകരിച്ചുകൊണ്ട് കോടതി വിധിപ്രസ്താവിച്ചു. അങ്ങനെ 'റബർ' 'കൃഷി' ആണെന്നും, അത് നട്ടുവളർത്തിയ ഭൂമി 'കൃഷിഭൂമി' ആണെന്നും കോടതി കണ്ടു. കൃഷിക്കാരെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഉത്തരവ് കിട്ടിയതിലുള്ള സന്തോഷം മനസിലിരിക്കുമ്പോൾ എതിർകക്ഷിയായ ബാങ്ക് എന്നെ ഉന്നംവച്ചുകൊണ്ട് കാപ്പി, തേയില, ഏലം, എന്നിവ കൃഷി അല്ലെന്നും, അവയൊക്കെ കൃഷിചെയ്ത ഭൂമി സർഫാസി നിയമപ്രകാരം ഏറ്റെടുക്കാമെന്നും സർക്കുലർ അയച്ചു.

ഞാൻ ഉടനെ തന്നെ ആ സർക്കുലറിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കോടതി വാദംകേട്ടശേഷം എനിക്കനുകൂലമായി വിധി പ്രസ്താവിച്ചു. അങ്ങനെ കാപ്പി,തേയില,ഏലം, എന്നിവ കൃഷിചെയ്ത ഭൂമി 'കൃഷി ഭൂമി' ആണെന്നും, അവ സർഫാസി നിയമപ്രകാരം ഏറ്റെടുക്കാനാവില്ലെന്നും വ്യക്തമാക്കി കോടതി വിധിയുണ്ടായി. അതിനെതിരെ ബാങ്ക് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുകയാണ്. ഞാൻ അവിടെ ഹാജരായിട്ടുണ്ട്. വാദംകേട്ട് തീരുമാനമായിട്ടില്ല. താമസിയാതെ അതും വാദം കേൾക്കുമെന്ന് വ്യക്തമായി മനസിലാക്കിയതുകൊണ്ടു കൂടിയാണോ ഇപ്പോൾ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന സന്ദേഹം എനിക്കുണ്ട്. ഈ നാല് കൃഷികളെ സംബന്ധിച്ചും ഒരുപോലുള്ള നിയമം ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്, ഈ കോടതി വിധികളെ അതിജീവിക്കാനും, പുതിയ വിധികൾ കൃഷിക്കാരന് അനുകൂലമായി ഉണ്ടാകാതിരിക്കാനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

പുതിയ റബർ നിയമത്തിൽ 'റബർ വ്യവസായ'ത്തിന്റെ നിർവചനത്തിൽ റബർ ചെടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്ചര്യജനകമാണ്. തന്നെയുമല്ല, പലയിടത്തും റബർ കൃഷിയെ വ്യവസായവുമായി ചേർത്തുവച്ചിരിക്കുന്നതായും കാണാം. റബർ 'കൃഷിയാണ് ' എന്നു പറയുന്നില്ലെന്നു മാത്രമല്ല, കൃഷി എന്ന് തോന്നാതിരിക്കാൻ തക്കതായ രീതിയിലാണ് പല വകുപ്പുകളും പുതിയ റബർ നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്.