psc

സർക്കാർ സർവീസിൽ പട്ടികജാതി - പട്ടികവർഗക്കാർക്ക് ആനുപാതികമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയിരുന്ന പൊതുഭരണ ( എംപ്ലോയ്‌മെന്റ് ബി ) സെൽ നിറുത്തിയതായി അറിയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും പദവിയിലും അവസരങ്ങളിലും സമത്വം സംപ്രാപ്തമാക്കണമെന്നും നിർദ്ദേശിക്കുന്നു.

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഭരണഘടന തന്നെയാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ഏതെങ്കിലും വിഭാഗം പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതി പട്ടികവർഗക്കാർക്കു വേണ്ടിയോ പ്രത്യേക നിയമനിർമ്മാണം നടത്തുന്നതിനോ
വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനോ രാഷ്ടത്തെ തടയുന്നതല്ല എന്ന്
നിർവ്വചിച്ചിട്ടുള്ളത്. (അനുച്ഛേദം 15 (4) 16 (4). പട്ടികജാതി - പട്ടികവർഗക്കാർക്ക് കേരള സർക്കാർ സർവീസിൽ ഓരോ വകുപ്പിലും തസ്തികകളിലും ഭരണഘടനാപരമായി ലഭിക്കേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക,​ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അവലോകനം നടത്തി പുരോഗതി വിലയിരുത്തുക, സംവരണം സംബന്ധിച്ച നിർദ്ദേശങ്ങളുടെ മാന്വൽ തയ്യാറാക്കുക, പബ്ലിക് സർവീസ് കമ്മിഷന് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് പൊതുഭരണ ( എംപ്ലോയ്‌മെന്റ് സെൽ ബി ) നിർവഹിച്ചു വന്നിരുന്നത്. ഇപ്പോൾ ഈ സെക്‌ഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിക്കുകയും പൊതുഭരണ എ യിൽ ലയിപ്പിച്ച് എംപ്ലോയ്‌മെന്റ് സെൽ എന്ന് നാമകരണം ചെയ്തതായും അറിയുന്നു. അങ്ങനെയെങ്കിൽ കേരളത്തിലെ പട്ടികജാതിവർഗക്കാർക്ക് സർക്കാർ സർവീസിലെ ആനുപാതിക പ്രാതിനിധ്യം മരീചികയായി മാറുമെന്നതിൽ സംശയമില്ല.
സർക്കാർ സർവീസിലെ 87 വകുപ്പുകളിലെ വാർഷിക അവലോകനവും പട്ടിക
വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്നതിനായാണ് സെക്രട്ടറിയേറ്റിൽ
പൊതുഭരണ ( എംപ്ലോയ്‌മെന്റ് ബി ) സെൽ രൂപീകരിച്ചത്. 2019 സെപ്തംബർ 30 വരെ
അവർ നടത്തിയ അന്വേഷണത്തിൽ ഗസറ്റഡ്, നോൺ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ്
തസ്തികളിലായി 2000 ൽ അധികം ഒഴിവുകൾ നികത്തപ്പെടേണ്ടതുണ്ട്. സ്‌പെഷൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിൽ പട്ടികവിഭാഗക്കാർക്ക് പ്രാതിനിധ്യ കുറവും കണ്ടെത്തിയിരുന്നു.
പൊതുഭരണ സെൽ നിറുത്തലാക്കുന്നതോടെ പട്ടികവിഭാഗക്കാർക്ക് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്ന അവസരതുല്യത അധികാരപങ്കാളിത്തം എന്നിവയുടെ പ്രായോജകരാൻ തടസങ്ങൾ ഏറെ വന്നുചേരും. ബി സെൽ ഉണ്ടായിരുന്നപ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും കുറ്റകരമായ അനാസ്ഥയും കാലവിളംബവും നിലനിന്നിരുന്നു .
പൊതുഭരണ വകുപ്പിന്റെ ജോലി ഭാരം കുറയ്ക്കുന്നതിലും ശാസ്ത്രീയമായ
ക്രമീകരണങ്ങൾ വരുത്തുന്നതിലും ആരും എതിരല്ല. എന്നാൽ സഹസ്രാബ്ദങ്ങളായി
മുഖ്യധാരയിൽ നിന്നും ആട്ടിപ്പായിക്കപ്പെട്ട വലിയ വിഭാഗം ജനതയുടെ
മൗലികാവകാശങ്ങളെ നിരാകരിക്കുന്ന പരിഷ്‌‌കരണങ്ങൾ പുരോഗമന ജനാധിപത്യ
സങ്കല്പങ്ങൾക്ക് എതിരാണ്. അതിനാൽ പട്ടികജാതി-പട്ടികവർഗക്കാർക്കായുള്ള
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ നിലനിറുത്താൻ കേരള സർക്കാർ
തയ്യാറാകണം.


(ലേഖകൻ സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്
ഫോൺ:9497336510)