dr-subhash-mukhopadhyay

ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു 1978 ഒക്ടോബർ മൂന്നിന് കൽക്കട്ടയിലാണ് ജനിച്ചത്. ലോകത്തെതന്നെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു അതേവർഷം ജൂലൈ 25 ന് ബ്രിട്ടനിൽ ജനിച്ചതിന്റെ അറുപത്തിയെട്ടാം നാളിലായിരുന്നു ഇന്ത്യയിലും ആ അത്ഭുതം സംഭവിച്ചത്. എന്നാൽ ഏതൊരു ജീനിയസിനും സംഭവിക്കാൻ ഇടയുള്ളതു പോലെ ഡോ. സുഭാഷ് മുഖോപാധ്യായുടെ കണ്ടുപിടിത്തത്തെ രാജ്യം അംഗീകരിച്ചില്ല. വലിയ ഭൗതിക സൗകര്യങ്ങളോടെ മാത്രം ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്ന ഇത്തരം കണ്ടുപിടിത്തം അദ്ദേഹം വളരെ പരിമിതമായ സൗകര്യത്തിൽ വീട്ടിലെ ലാബിൽത്തന്നെയാണ് പൂർത്തീകരിച്ചത്! സർക്കാരും, വൈദ്യലോകത്തെ തലതൊട്ടപ്പന്മാരും അതിനെ സംശയദൃഷ്‌ടിയോടെ കണ്ടു. അദ്ദേഹം ഒരു വ്യാജഡോക്ടറാണെന്ന് ഭരണകൂടം വിധിയെഴുതി.
1931 ജനുവരി 16 ന് ഗാസിയാബാദിൽ ജനിച്ച സുഭാഷ് മുഖോപാധ്യായ 1955 ൽ കൽക്കട്ടയിൽ നിന്ന് മെഡിസിനിൽ ബിരുദവും 1958 ൽ റീപ്രൊഡക്ടീവ് ഫിസിയോളജിയിൽ ഡോക്റേറ്റും നേടി. ശാസ്ത്രലോകത്തിന്റെയും, ബ്യൂറോക്രാറ്റുകളുടെയും അവഗണനയ്‌ക്കൊപ്പം വിവിധ ശാസ്ത്രസമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നുകൂടി അദ്ദേഹം മാറ്റിനിറുത്തപ്പെട്ടു.
അത്തരത്തിൽ അന്താരാഷ്ട്ര വേദികളിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അനുവാദം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അപമാനിതനായ അദ്ദേഹം തന്റെ അമ്പതാം വയസിൽ അതായത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ കണ്ടുപിടിത്തം നടത്തിയതിന്റെ രണ്ടാമത്തെ വർഷം കൽക്കട്ടയിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ച് സ്വയം ജീവൻ വെടിഞ്ഞു.

ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം ഇങ്ങനെ എഴുതി: സമ്മർദ്ദം മൂലം ഹൃദയാഘാതം എന്നെ കൊല്ലുമെന്നാണ് പ്രതീക്ഷിച്ചത്. എനിക്കിനി കാത്തിരിക്കാനാവില്ല . അംഗീകരിക്കേണ്ടതിനെ
വേണ്ടവിധം അംഗീകരിക്കാത്ത നമ്മുടെ സാമൂഹികവ്യവസ്ഥിതിയ്ക്ക് ഏറ്റ പ്രഹരമായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. പക്ഷേ, അദ്ദേഹം ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി ജന്മം നൽകിയ കനുപ്രിയ അഗർവാൾ എന്ന പെൺകുട്ടി മെല്ലെ വളരുകയായിരുന്നു. പക്ഷേ, അത് അവളും അവളുടെ രക്ഷാകർത്താക്കളുമല്ലാതെ ആരുമറിഞ്ഞില്ല. ടെസ്റ്റ് ട്യൂബ് ശിശുവിനെ സമൂഹം ഏത് തരത്തിൽ വിലയിരുത്തുമെന്ന ആശങ്ക തന്നെയായിരുന്നു കാരണം.
എട്ടുവർഷത്തോളം കഴിഞ്ഞു 1986 ആഗസ്റ്റ് ആറിന് തമിഴ്നാട് സ്വദേശിയായ ഡോ. ആനന്ദ് കുമാറും ഡോ. ഇന്ദിര ഹിന്ദുജയും ചേർന്ന് 'ഹർഷ ചൗഡ' എന്ന രാജ്യത്തെ ആദ്യ ഔദ്യോഗിക ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകി. എന്നാൽ ഡോ. സുഭാഷ് മുഖോപാധ്യായെക്കുറിച്ച് പിന്നീടറിഞ്ഞ ഡോ. ആനന്ദ് അദ്ദേഹത്തിന്റെ വീട്ടിലെത്തി കാര്യങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യഡയറിയിൽ കുറിച്ചുവച്ച രഹസ്യങ്ങൾ കണ്ടെത്തി. അത് അദ്ദേഹത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ഇത്തരത്തിൽ വലിയ നേട്ടം കരസ്ഥമാക്കിയ
ഡോക്ടറെ ലോകം അറിയാതെപോകരുതെന്ന് ഡോ. ആനന്ദിന് നിർബന്ധമുണ്ടായിരുന്നു. 1997 ൽ കൽക്കട്ടയിൽ വച്ചു സംഘടിപ്പിക്കപ്പെട്ട അസിസ്റ്റഡ് റീപ്പ്രോഡക്ടീവ് ടെക്‌നോളജിയുടെ മൂന്നാമത് നാഷണൽ കോൺഗ്രസിൽ അദ്ദേഹം ആ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യത്തെ ആദ്യടെസ്റ്റ് ട്യൂബ് ശിശുവിന്റെ ശില്പി താനല്ല, ഡോ. സുഭാഷ് മുഖോപാധ്യായ് ആണെന്ന്.
രണ്ടുമാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരു ഗവേഷണ പ്രബന്ധം കറന്റ് സയൻസിൽ പ്രസിദ്ധീകരിച്ചുവന്നു 'ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ശില്പി ഡോ. സുഭാഷ്
മുഖോപാധ്യായ' എന്ന തലക്കെട്ടിൽ. പിന്നാലെ 2002 ൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അദ്ദേഹത്തെ രാജ്യത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ സൃഷ്ടാവായി പ്രഖ്യാപിച്ചു.
കഴിഞ്ഞവർഷം കൽക്കട്ടയിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ അക്കാഡമി ഓഫ് ക്ലിനിക്കൽ ബയോളജിസ്റ്റ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സുഭാഷ് മുഖോപാധ്യായ ജന്മം നൽകിയ ദുർഗയെന്ന് വിളിപ്പേരുള്ള കനുപ്രിയയുടെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചു.

മുഖോപാധ്യായുടെ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തിന് ഭാരത രത്ന നൽകണമെന്ന് ആ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ എട്ടുവയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് കനുപ്രിയ.
ഒരുപക്ഷേ ഭരണകൂടത്തിന്റെ പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിൽ വെറും 68 ദിവസത്തെ വ്യത്യാസത്തെ മറികടന്നുകൊണ്ട് ലോകത്തെ ഏറ്റവും ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു നമ്മുടെ രാജ്യത്ത് തന്നെ പിറന്നേനെ. അതുവഴി നമ്മുടെ രാജ്യത്തിന് ലഭിക്കാമായിരുന്ന
അംഗീകാരവും, പുരോഗതിയും നമുക്ക് മുൻകൂട്ടി കാണാൻ കഴി‍ഞ്ഞില്ല എന്നതാണ് സത്യം.


(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് )​