
സിനിമകൾ മുടക്കമില്ലാതെ കാണുന്ന ഒരു അച്ഛനും അമ്മയും മകളും. നൃത്തം പഠിച്ചുതുടങ്ങിയ സമയം മുതൽ മകളുടെ മനസിൽ സിനിമ ഹൗസ് ഫുള്ളായി ഓടാൻ തുടങ്ങി. 'വീണ്ടും ചില വീട്ടുകാര്യങ്ങൾ" മുതൽ കണ്ട സിനിമകളിലെല്ലാം തന്റെ മുഖംകൂടി ഉണ്ടായിരുന്നെങ്കിലെന്ന് മകൾ ആഗ്രഹിച്ചു. പഠനം കഴിയട്ടേ യെന്ന് ഇൻഷ്വറൻസ് അഡ്വൈസറായ അച്ഛൻ ഉപദേശിച്ചു. അങ്ങനെ ബി.ടെക് പഠനം കഴിഞ്ഞു. പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച 'സുമേഷ് ആൻഡ് രമേഷ്" എന്ന സിനിമയിൽ കാർത്തിക വെള്ളത്തേരി എന്ന പുതിയ നായികയെകൂടി സമ്മാനിച്ചാണ് വിജയയാത്ര നടത്തുന്നത്. തൃശൂരിനടുത്ത് പേരൂർ വെള്ളത്തേരി എന്ന വീട്ടിലിരുന്നു സംസാരിക്കുമ്പോൾ അരികിൽ അച്ഛൻ നാരായണൻകുട്ടിയും അമ്മ സുജയും.
ഓഡിഷൻ വീണ്ടും ഓഡിഷൻ
'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്" ആണ് ആദ്യ സിനിമ. ഓഡിഷനിലൂടെയാണ് അർജന്റീന ഫാൻസിൽ അഭിനയിക്കുന്നത്. രണ്ടാമത്തെ ചിത്രമായ 'ആദ്യരാത്രി" യിൽ അഭിനയിക്കുന്നത് ഓഡിഷൻ വഴി. സിനിമയിൽ ആരെയും അറിയില്ല. സിനിമാബന്ധമില്ലാത്തതിനാൽ ഓഡിഷൻ മാത്രമേ മുമ്പിലുണ്ടായിരുന്നുള്ളു. സുമേഷ് ആൻഡ് രമേഷിൽ അവസരം ലഭിച്ചതും ഓഡിഷനിലൂടെയാണ്. ആദ്യത്തെ നായിക വേഷം. ഷൂട്ട് കഴിഞ്ഞു രണ്ടുവർഷം കാത്തിരിക്കേണ്ടിവന്നു. ഇടയ്ക്ക് ഒ.ടി.ടി റിലീസ് ചെയ്യൻ തീരുമാനിച്ചു. പിന്നെ അത് മാറി തിയേറ്റർ റിലീസിലേക്ക്. അപ്പോൾ തിയേറ്റർ തുറക്കാൻ കാത്തിരുന്നു. ആസമയത്ത് സംവിധായകൻ സനൂപേട്ടനും നിർമ്മാതാവ് ഫരീദ ഇക്കയും വിളിച്ച് ധൈര്യം പകർന്നു കൊണ്ടേയിരുന്നു. ഈ കാത്തിരിപ്പ് വെറുതേയാകില്ലെന്ന് പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും പരമാവധി പിന്തുണച്ച് കൂടെത്തന്നെനിന്നു . കാത്തിരിപ്പ് വെറുതേയായില്ല. സിനിമ നല്ല വിജയം നേടി. സുമേഷ് ആന്റ് രമേഷിലേക്ക് മൂന്ന് റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. സെക്കൻഡ് റൗണ്ട് ഓഡിഷനിൽ പത്തുപേരുടെ ഷോർട്ട് ലിസ്റ്റ്. ശ്രീനാഥ് ഭാസിയുടെ നായിക അശ്വതി എന്ന കഥാപാത്രത്തെയാണ് നോക്കുന്നതെന്നും സ്ക്രിപ്റ്റ് ഏകദേശം സനൂപേട്ടൻ പറഞ്ഞുതരികയും ചെയ്തു. അപ്പോൾ മുതൽ അശ്വതി ആവാൻ ആഗ്രഹിച്ചു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ 'നീ ആണ് അശ്വതി" എന്ന് സനൂപേട്ടൻ പറഞ്ഞപ്പോൾ മുതൽ നമ്മള് ഹാപ്പി.
കാർത്തികയും അശ്വതിയും
ആഗ്രഹിച്ചിടത്ത് എത്തിചേർന്നതിൽ സന്തോഷമുണ്ട്. സുമേഷ് ആൻഡ് രമേഷ് കണ്ടവർ തിരിച്ചറിയുന്നു. അറിയാത്തവർ മെസേജ് അയയ്ക്കുന്നു. ഫോൺ നമ്പർ തരപ്പെടുത്തി വിളിക്കുന്നവരുണ്ട്. നായികയായി മാത്രമേ അഭിനയിക്കുവെന്ന് തീരുമാനമില്ല. അഭിനയ സാദ്ധ്യത നിറഞ്ഞ കഥാപാത്രം അഞ്ചുമിനിട്ട് നേരം ഉണ്ടായാലും മതി. ഞാൻ ഒറ്റ മോളാണ്. കൂട്ടുകാർക്ക് സിനിമ ഇഷ്ടപ്പെട്ടു. സിനിമയിൽ സസ്പെൻസ് കഥാപാത്രമായതിനാൽ ട്രെയിലറിലും പോസ്റ്ററിലും ഞാൻ ഇല്ലായിരുന്നു. ശരിക്കും നീ സിനിമയിലുണ്ടോ എന്ന് കൂട്ടുകാർ ചോദിച്ചു. സിനിമ കണ്ടവർക്കേ എന്നെ അറിയൂ. ശ്രീനാഥ് ഭാസിയുടെ നായിക ആരാണെന്ന് ആർക്കും അറിയില്ല. ഇന്റർവെല്ലിനുശേഷമാണ് വരുന്നത്. എന്നെ ഒരു പുതുമുഖ നായികയായി ശ്രീനാഥേട്ടൻ കണ്ടില്ല. മുൻപ് പരിചയമുള്ള ആളിനെപോലെ പെരുമാറി. എല്ലാവരും തന്ന പിന്തുണയും പ്രോത്സാഹനവും അശ്വതിയെ കഴിയുംവിധം നന്നാക്കാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്. സിനിമയിൽ സജീവമാകാനാണ് തീരുമാനം. പുതിയ അവസരം വരുമെന്നാണ് പ്രതീക്ഷ. ഇനിയും അതിനുവേണ്ടിയുള്ള കാത്തിരിപ്പാണിപ്പോൾ.