
ഇക്കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തിലൂടെ റാഫേൽ നദാൽ പുരുഷ ടെന്നിസിലെ ഒരേയൊരു രാജാവായി മാറിയിരിക്കുന്നു. അഞ്ചരമണിക്കൂറോളം നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം ഡാനിൽ മെദ്‌വെദേവിനെ കീഴടക്കിയ നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കുന്ന പുരുഷ താരമെന്ന ചരിത്രനേട്ടത്തിന് ഏക അവകാശിയായി മാറുകയായിരുന്നു. റോജർ ഫെഡറർ,നൊവാക്ക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 കിരീടങ്ങളുടെ റെക്കാഡ് പങ്കിടുകയായിരുന്ന നദാൽ കരിയറിലെ രണ്ടാമത്തെ ആസ്ട്രേലിയൻ ഓപ്പണിനൊപ്പമാണ് 21-ാം ഗ്രാൻസ്ളാം കിരീടങ്ങളുടെ ചരിത്രനേട്ടത്തിലെത്തിയത്.
5 മണിക്കൂർ 24 മിനിട്ട് നീണ്ട ഫൈനൽ പോരാട്ടത്തിനൊടുവിൽ 2-6,6-7(5/7),6-4,6-4,7-5 എന്ന സ്കോറിനാണ് നദാൽ മെദ്‌വെദേവിനെ തോൽപ്പിച്ചത്.ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമുള്ള നദാലിന്റെ അതിഗംഭീരതിരിച്ചുവരവാണ് മെൽബണിലെ ഫൈനലിൽ കണ്ടത്. തന്നേക്കാൾ പത്തുവയസിന്റെ ഇളപ്പമുള്ള റഷ്യൻ താരത്തിനെതിരെ കാളക്കൂറ്റന്റെ കുത്തുമായാണ് നദാൽ പൊരുതിയത്. ആദ്യ രണ്ട് സെറ്റുകളിലെ നദാലിന്റെ പ്രകടനമായിരുന്നില്ല ഈ 35 കാരൻ അവസാന മൂന്ന് സെറ്റുകളിൽ പുറത്തെടുത്തത്. പ്രായമേറുന്തോറും ഫിറ്റ്നസ് കുറയുമെന്നത് വെറും ധാരണ മാത്രമാണെന്ന് നദാൽ മാലോകരോട് വിളിച്ചുപറയുകയായിരുന്നു മെൽബണിലെ ഹാർഡ് കോർട്ടിൽ.മൂന്നുമാസം മുമ്പുവരെ ക്രച്ചസിന്റെ സഹായത്തോടെ നടന്ന മനുഷ്യനാണ് അഞ്ചരമണിക്കൂർ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ മെദ്‌വദേവിനെ പൊരുതിത്തോൽപ്പിച്ചതെന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാകുമായിരുന്നുള്ളൂ.
മെൽബണിലെ കലാശക്കളി
ഫൈനലിന്റെ ആദ്യ ഘട്ടത്തിലെ കളി കണ്ടപ്പോൾ മെദ്‌വെദേവ് നിസാരമായി കിരീടം നേടുമെന്നാണ് കരുതിയത്. എന്നാൽ പിന്നീടങ്ങോട്ട് കളി മാറുകയായിരുന്നു. ആദ്യസെറ്റിലെ അഞ്ചാമത്തെയും ഏഴാമത്തെയും ഗെയിമുകളിൽ നദാലിന്റെ സർവ് ബ്രേക്ക് ചെയ്താണ് മെദ്‌വെദേവ് മുന്നിലെത്തിയത്.. 42 മിനിട്ടാണ് 6-2ന് ആദ്യസെറ്റ് സ്വന്തമാക്കാൻ റഷ്യൻ താരത്തിന് വേണ്ടിവന്നത്. ആദ്യസെറ്റിൽ നദാൽ അസ്ഥിരത കാട്ടിയപ്പോൾ ബേസ്‌ലൈനിൽ കേന്ദ്രീകരിച്ചായിരുന്നു മെദ്‌വെദേവിന്റെ കളി.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ നദാൽ മികച്ചുനിന്നു. നാലാം ഗെയിമിൽ മെദ്‌വെദേവിന്റെ സർവ് ബ്രേക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ഏഴാം ഗെയിമിൽ തിരിച്ച് സർവ് ബ്രേക്ക് ചെയ്ത് മെദ്‌വദേവ് മടങ്ങിവന്നു.അടുത്ത ഗെയിമിൽ നദാലും പിന്നാലെ മെദ്‌വദേവും വീണ്ടും ബ്രേക്ക് ചെയ്തതോടെ മത്സരം 5-5 എന്ന നിലയിലായി. തുടർന്ന് ടൈബ്രേക്കറിൽ റഷ്യൻ താരം വിജയം കണ്ടു.ടൈബ്രേക്കറിലും പിന്നിൽ നിന്നശേഷമായിരുന്നു മെദ്‌വദേവിന്റെ വിജയം.
മൂന്നാം സെറ്റിലെ എട്ടാം ഗെയിംവരെ ഇരുതാരങ്ങളും തങ്ങളുടെ സർവ് കാത്ത് മുന്നേറി. ഒൻപതാം ഗെയിമിൽ മെദ്‌വദേവിന്റെ സർവ് തകർത്ത് നദാൽ തിരിച്ചുവന്നത് മത്സരത്തിലേക്കുകൂടിയായിരുന്നു. 64 മിനിട്ടുകൊണ്ടാണ് നദാൽ 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയത്.നാലാം സെറ്റിലും നദാൽ ആധിപത്യം പുലർത്തിയതോടെ മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് കടന്നു. അഞ്ചാം സെറ്റിൽ മെദ്‌വദേവിന്റെ സർവ് ബ്രേക്ക് ചെയ്ത് 4-3ന് മുന്നിലെത്തിയതോടെ നദാലിന്റെ ആത്മവിശ്വാസം ഇരട്ടിയായി.എന്നാൽ 5-5ന് സമനിലയിലെത്തിച്ച് മെദ്‌വദേവ് വീണ്ടും ആവേശം വർദ്ധിപ്പിച്ചു.പക്ഷേ തുടർച്ചയായി രണ്ട് ഗെയിം പോയിന്റുകൾ നേടി നദാൽ ചരിത്രനേട്ടം സ്വന്തം പേരിൽ കുറിച്ചു.
കളിമണ്ണിലെ രാജാവ്
2005ൽ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് സ്വന്തമാക്കിയ റാഫ പിന്നീട് കളിമൺ കോർട്ടിലെ രാജാവാകുന്ന കാഴ്ച്ചയാണ് കണ്ടത്. തൊട്ടടുത്ത മൂന്നു വർഷവും റോളാംഗ് ഗാരോ സ്പാനിഷുകാരനെ കൈവിട്ടില്ല. 2008-ൽ റോജർ ഫെഡററുമായുള്ള ഇതിഹാസ ഫൈനൽ വിജയത്തോടെ വിംബിൾഡണും താരത്തിന്റെ ഷെൽഫിലെത്തി. എന്നാൽ 2009ൽ ആസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിന് പിന്നാലെ എല്ലാം പിഴച്ചു. മുപ്പതു വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അച്ഛനും അമ്മയും അവസാനിപ്പിക്കുകയാണെന്ന വാർത്ത 23-കാരനെ തളർത്തി. അത് ആ ഫ്രഞ്ച് ഓപ്പണിലും നിഴലിച്ചു. നാലാം റൗണ്ടിൽ റോബിൻ സോഡർലിംഗിനു മുന്നിൽ ആ യാത്ര അവസാനിച്ചു.റോജർ ഫെഡറർ തന്റെ കരിയറിലെ ഏക ഫ്രഞ്ച് ഓപ്പൺ നേടിയത് ആ വർഷമാണ്.
തിരിച്ചുവരവുകളുടെ തമ്പുരാൻ
തന്റെ വ്യക്തി ജീവിതത്തിലെ ദു:ഖത്തെ മറികടന്ന് ശക്തമായി തിരിച്ചു വന്ന നദാലിനെയാണ് പിന്നീട് ടെന്നിസ് ലോകം കണ്ടത്. 2010 ൽ ആസ്ട്രേലിയൻ ഓപ്പണൊഴികെയുള്ള മൂന്നു ഗ്രാൻസ്ലാം കിരീടങ്ങളും നേടി. പിന്നീട് തുടർച്ചയായി നാലു വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി. 2013-ൽ യു.എസ് ഓപ്പണും നേടി. എന്നാൽ 2015-ൽ നദാൽ പെട്ടെന്ന് ഒന്നുമില്ലാത്തവനായി മാറി. 2015-ലെ ഫ്രഞ്ച് ഓപ്പണിനെത്തുമ്പോൾ തുടർച്ചയായ പരിക്കും മങ്ങിയ ഫോമും താരത്തെ തളർത്തിയിരുന്നു. മിന്നുന്ന ഫോമിൽ കളിച്ചിരുന്ന നൊവാക് ജോക്കോവിച്ചിന് മുന്നില്‍ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ നിന്ന നദാൽ ടെന്നീസിലെ മാത്രമല്ല കായിക ലോകത്തെ തന്നെ സങ്കടകാഴ്ചകളിലൊന്നായിരുന്നു. 2016-ൽ കൈക്കുഴക്കേറ്റ പരിക്കിനെ തുടർന്ന് നദാലിന്റെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകളും അന്നുണ്ടായി.
എന്നാൽ രണ്ടു വർഷത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. 2017-ലെ ഫ്രഞ്ച് ഓപ്പണും യു.എസ്.ഓപ്പണും നേടുകയും ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ ഫെഡററോട് പൊരുതി തോൽക്കുകയും ചെയ്തു. പിന്നീട് തുടഅച്ചയായ മൂന്നു വഅഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയ്‌നിലെത്തിച്ചു. 2019-ൽ യുഎസ് ഓപ്പണും സ്വന്തമാക്കി. ഇപ്പോഴിതാ, 2022-ൽ ആസ്‌ട്രേലിയൻ ഓപ്പണും മെൽബണ്‍ പാർക്കില്‍ ആകാശത്തേക്കുയർത്തിയിരിക്കുന്നു.
ആവേശഫൈനലുകൾ
ഗ്രാൻസ്ളാം ഫൈനലുകൾക്ക് ആവേശം പകരണമെങ്കിൽ കോർട്ടിന്റെ ഒരു വശത്ത് നദാലായിരിക്കണമെന്ന് ടെന്നിസ് ലോകത്ത് ഒരു ചൊല്ലുണ്ട്. തോറ്റാലും നിസാരമായി അങ്ങുവിട്ടുകളയാൻ നദാൽ തയ്യാറല്ല.അവസാന നിമിഷംവരെ പൊരുതും. 2008ലെ വിംബിൾഡണിലെ ഫെഡററുമായുള്ള മാരത്തോൺ പോരാട്ടരാവ് ഇന്നും ആരാധകരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. 2012ൽ ജോക്കോവിച്ചിനെതിരെ നടന്ന ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ അഞ്ചാം സെറ്റിൽ 4-2നു മുന്നിട്ടു നിന്നശേഷമായിരുന്നു നദാലിന്റെ കീഴടങ്ങൽ. അഞ്ച് മണിക്കൂർ 53 മിനിട്ടാണ് അന്നത്തെ ഫൈനൽ നീണ്ടത്. ഫെഡററും നദാലും ഏറ്റുമുട്ടിയ 2017ലെ ചരിത്ര ഫൈനലിലും അഞ്ചാം സെറ്റിൽ മുന്നിട്ടുനിന്ന ശേഷമായിരുന്നു റാഫയുടെ തോൽവി. രണ്ടു താരങ്ങളും പരിക്കുകാരണം വിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ടൂര്‍ണമെന്റായിരുന്നു അത്.
2014ലെ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ പരിക്കു വലയ്ക്കുന്നതിനിടെയാണ് കലാശക്കളിയിൽ റാഫ വാവറിങ്കയെ നേരിടാനെത്തിയത്. പരിക്ക് ഗുരുതരമായതോടെ ഇടയ്ക്കുവെച്ച് പിൻമാറാൻ റാഫ തീരുമാനിച്ചതാണ്. ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും വേദന കടിച്ചമർത്തി റാഫ മൂന്നാം സെറ്റ് നേടി. നാലാം സെറ്റിൽ പിടിച്ചുനിൽക്കാനാകാതെ തോല്‍വി സമ്മതിക്കേണ്ടിവന്നു.
ആറുമാസം മുമ്പുവരെ പരിക്കിന്റെ പിടിയിലായിരുന്നു റാഫേൽ നദാൽ. ഇക്കഴിഞ്ഞ ഡിസംബറിൽ കൊവിഡും പിടിപെട്ടു. ഇതിനിടയ്ക്ക് ടെന്നീസിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചിരുന്നു. അവിടെ നിന്നാണ് റാഫ മെൽബണിലെത്തി തിരിച്ചുവരവുകളുടെ തമ്പുരാനായി ചരിത്രം കുറിച്ച് മടങ്ങിയത്. എക്കാലത്തേയും മികച്ച ടെന്നീസ് താരം എന്ന ചോദ്യത്തിന് ഗ്രാൻസ്ളാം കിരീടങ്ങളുടെ എണ്ണം കൊണ്ട് ഉത്തരം നൽകുമ്പോൾ അവിടെ റാഫേൽ നദാൽ എന്ന പേര് കുറിക്കപ്പെടും. ഫെഡററും ജോക്കോയും തിളങ്ങിനിന്ന കാലത്ത് ഈ നെറുകയിലെത്താനായതാണ് നദാലിന്റെ പെരുമ ഉയർത്തുന്നത്. അവർ ഇരുവർക്കും കാലുറപ്പിക്കാൻ കഴിയാതിരുന്ന ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിൽ നിന്നാണ് റാഫയുടെ 21 കിരീടങ്ങളിൽ 13 എണ്ണവും എന്നത് ആധുനിക ടെന്നീസിലെ ഈ പോരാളിക്ക് അഭിമാനമാണ്.