vava-suresh

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

മൂർഖനെ പിടിച്ച് ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിലാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്.

കടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെടുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരേഷ് ബോധരഹിതനായി.തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോട‌െ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.