dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ചൊവ്വാഴ്ച തീർപ്പുണ്ടാകുമെന്ന് കോടതി ഇന്നലെ സൂചിപ്പിച്ചിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നുമാണ് ദിലീപിന്റെ വാദം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രോസിക്യൂഷൻ.

പ്രതികൾ ഇന്നലെ ഹാജരാക്കിയ ആറ് ഫോണുകൾ ഏത് ഫോറൻസിക് ലാബിൽ പരിശോധിക്കുമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. ഗൂഢാലോചന നടന്നെന്ന് പറയുന്ന കാലത്ത് ദിലീപ് ഉപയോഗിച്ച ഫോണുകളുടെ എണ്ണത്തിൽ തർക്കം തുടരുകയാണ്.

കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബയിലേക്ക് കടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇത്തരം പരിഗണന ലഭിച്ചിട്ടില്ല. ഫോണുകൾ പരിശോധനയ്ക്ക് വിട്ടു നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.