budget-2022

ന്യൂഡൽഹി: 2022 സമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുന്നതിനായി രാഷ്ട്രപതി ഭവനിലെത്തി. ബഡ്‌ജറ്റ് അവതരണത്തിന് മുൻപായി 10 മണിയ്ക്ക് മന്ത്രിസഭാ യോഗം ചേരും. 11 മണിയ്ക്കാണ് പൊതുബ‌ഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.

അതേസമയം,ബഡ്‌ജറ്റ് ദിനമായ ഇന്ന് ഓഹരി വിപണിയിൽ ഉണർവ് രേഖപ്പെടുത്തി. സെൻസക്സ് 691 പോയിന്റും നിഫ്റ്റി 186 പോയിന്റും ഉയർന്നു. 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബ‌ഡ്‌ജറ്റ് എല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കുന്നതാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ബ‌ഡ്‌ജറ്റ് സമഗ്ര മേഖലകൾക്കും ഉണർവ് നൽകുമെന്നും കാർഷിക മേഖലയിലടക്കം മികച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ മഹാമാരിക്കാലത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയെന്നും അടുത്ത സാമ്പത്തിക വർഷം (2022 ഏപ്രിൽ- 2023 മാർച്ച്) സമ്പദ്‌വ്യവസ്ഥ 8- 8.5 ശതമാനം വളരുമെന്നും നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച സാമ്പത്തിക സർവേയിൽ വിലയിരുത്തി. നടപ്പുവർഷം (2021-22) പ്രതീക്ഷിക്കുന്ന വളർച്ച 9.2 ശതമാനമാണ്. കൊവിഡിനെ തുടർന്ന് 2020-21ൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നെങ്കിലും ഇന്നലെ കേന്ദ്രം അത് നെഗറ്റീവ് 6.6 ശതമാനമായി പുതുക്കി നിർണയിച്ചിരുന്നു. 2019-20ലെ 145.16 ലക്ഷം കോടി രൂപയിൽ നിന്ന് 135.58 ലക്ഷം കോടി രൂപയായാണ് 2020-21ൽ ജി.ഡി.പി മൂല്യം കുറഞ്ഞത്.

സ്വകാര്യ മേഖലയിലെ വൻ നിക്ഷേപങ്ങളും സാമ്പത്തിക സംവിധാനം മികച്ച രീതിയിലായതും വളർച്ചയെ സഹായിക്കുമെന്ന് സാമ്പത്തിക സർവേ പറയുന്നു. ഒമിക്രോൺ വ്യാപനത്തിനിടയിലും 2022- 23ലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസജ്ജമാണെന്ന് സൂക്ഷ്മ, സാമ്പത്തിക സുസ്ഥിര സൂചികകൾ വ്യക്തമാക്കുന്നു. മികച്ച വിദേശനാണ്യ കരുതൽ ശേഖരം, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ സ്ഥിരത, കയറ്റുമതി വരുമാനം എന്നിവ തുണയാകും. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, വ്യവസായ മേഖല എന്നിവയെ സഹായിക്കാനുള്ള നടപടികൾ, വളർച്ച പ്രോത്സാഹിപ്പിക്കാൻ പണം ചെലവഴിക്കൽ എന്നിവ പ്രതിസന്ധികളിൽ താങ്ങായി.

അതേസമയം കൊവിഡിനെ തുടർന്ന് കൂടുതൽ കടമെടുത്തതിനാൽ 2020-21 സാമ്പത്തിക വർഷം കടബാദ്ധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 59.3 ശതമാനമായി വർദ്ധിച്ചു. (2019-20ൽ 49.1%). എന്നാൽ സമ്പദ്‌വ്യവസ്ഥ കരകയറുമ്പോൾ കടബാദ്ധ്യതയിൽ കുറവുണ്ടാകുമെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി..