എത്ര തല്ലിയാലും നന്നാകാത്ത സ്കൂൾ കുട്ടികളെ പോലെയാണ് നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളും എന്നൊരു തോന്നൽ ഭരണാധികാരികൾക്ക് മാത്രമല്ല ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് പോലുമുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിലെ അപാകതകളും തലപ്പത്ത് നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ഈ ചിന്താഗതി സമൂഹത്തിൽ വേരു പിടിക്കുന്നതിന് പ്രധാന കാരണമാണ്. എന്നാൽ അപ്പോഴും അതിനൊക്കെ അപവാദമായി ചില സ്ഥാപനങ്ങൾ മികവിന്റെ പ്രവർത്തന ലാഭത്തോടെ തലയുയർത്തി നിൽക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കൊച്ചി ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കെ എസ് ഇ ബി ക്കു വേണ്ട അലുമിനിയം കേബിളുകളും കണ്ടക്ടറുകളും നിർമ്മിക്കുന്നതാണ് ട്രാക്കോ കേബിൾസിന്റെ പ്രധാന ദൗത്യം. ഇതോടൊപ്പം സമാനമായ മറ്റു മേഖലയിലേക്കും കടന്നു ചെല്ലാനുള്ള ശ്രമത്തിലാണ് കമ്പനി. ഇരുമ്പനത്തേത് കൂടാതെ തിരുവല്ലയിലും, കണ്ണൂരിലെ പിണറായിയിലും ട്രാക്കോ കേബിളുകൾക്ക് യൂണിറ്റുകളുണ്ട്. തിരുവല്ല യൂണിറ്റ് സമീപ കാലത്ത് അത്യാധുനിക രീതിയിൽ നവീകരിച്ചിരുന്നു. ഇനി ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളിലേക്ക് കടക്കാം. കഴിഞ്ഞ വർഷം നവംബറിൽ മാത്രം 146 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവർത്തന ലാഭം. ക്രിയാത്മക ഇടപെടൽ നടത്തുന്ന മാനേജ്‌മെന്റും നൂറു ശതമാനം സമർപ്പണ മനോഭാവമുള്ള തൊഴിലാളികളുമാണ് ട്രാക്കോ കേബിളിനെ ഈ ഉയർച്ചയിൽ എത്തിച്ചത്.190 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് ഈ വർഷം മുതൽ കമ്പനി ലക്ഷ്യമിടുന്നത്. ഒരുകാലത്ത് നഷ്ടത്തിന്റെ പരിവട്ടത്തിൽ ആയിരുന്നു കമ്പനി. അവിടെ നിന്ന് സാവധാനത്തിൽ ഒരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു. അതിന് 2016 മുതലുള്ള രണ്ട് സർക്കാരുകളും പങ്കു വഹിച്ചിട്ടുണ്ട്.
2016ൽ ലാഭത്തിലായിരുന്ന സ്ഥാപനം തൊട്ടടുത്ത വർഷം നഷ്ടത്തിലായതാണ് സർക്കാരിനെയും മാനേജ്‌മെന്റിനെയും ഇരുത്തി ചിന്തിപ്പിച്ചത്. പിന്നീട് ഇതിനെ ലാഭത്തിലാക്കാനുള്ള മാർഗങ്ങൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുകയായിരുന്നു. മുൻ വ്യവസായ മന്ത്രി ഇ പി ജയരാജന്റെയും, ഇപ്പോഴത്തെ മന്ത്രി പി രാജീവിന്റെയും കൃത്യമായ ഇടപെടലുകളും മാർഗ നിർദേശങ്ങളും ഇക്കാര്യത്തിൽ ഉണ്ടായി. ഇലക്ട്രിക് കേബിളുകളും, ഹൗസ് വയറിംഗ് കേബിളുകളും ആണ് ട്രാക്കോയുടെ പ്രധാന ഉത്പന്നങ്ങൾ. കെ എസ് ഇ ബി യാണ് ഇലക്ട്രിക് കേബിളുകളുടെ പ്രധാന ഉപഭോക്താക്കൾ. അതേസമയം ഹൌസ് വയറിംഗ് കേബിളുകൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് തന്നെ സപ്ലൈ ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടൽ ആദ്യമുണ്ടായത് കെ എസ് ഇ ബി യും ട്രാക്കോയും തമ്മിലുള്ള പർച്ചേസിങ്ങിൽ ആണ്. കെ എസ് ഇ ബി യുടെ പർച്ചേസിങ് ഓർഡറുകളിൽ 25 ശതമാനം ട്രാക്കോ കേബിൾസിന് നൽകാൻ തീരുമാനിച്ചത് കമ്പനിക്ക് ഗുണകരമായി. മറ്റൊന്ന് ട്രാക്കോ കേബിളിന് കേരളസർക്കാരിൻ്റെ സാമ്പത്തിക ഗ്യാരണ്ടി 51.5 കോടിയിൽ നിന്നും 100 കോടിയായി ഉയർത്തിയതാണ്. ഇത് രണ്ടും കമ്പനിയുടെ മാനേജ്‌മെന്റിന് ചെറുതായല്ല ആത്മവിശ്വാസം നൽകിയത്.
നടപ്പു സാമ്പത്തിക വർഷം 190 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാന സർക്കാർ ട്രാക്കോ കേബിൾ കമ്പനിയുടെ ഉൽപാദന ശേഷി ആധുനികവൽകരണ ത്തിലൂടെ വർദ്ധിപ്പിച്ചിരിക്കുകയാണ് , ഇതിൻ്റെ ഭാഗമായാണ് ഈ കഴിഞ്ഞ മാസം പ്രവർത്തന ലാഭത്തിലേക്കു കമ്പനി കുതിച്ചു കയറിയതും. ട്രാക്കോയുടെ ഇരുമ്പനം, തിരുവല്ല, പിണറായി യൂണിറ്റുകളിലെല്ലാം തന്നെ നവംബർ മാസത്തിൽ മികച്ച പ്രവർത്തലാഭത്തിലായിരുന്നു.