photo

തിരുവനന്തപുരത്തുനിന്ന് കാസർകോഡ് വരെ നാലുമണിക്കൂർ കൊണ്ട് കെ -റെയിലിൽ എത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകി നിൽക്കുകയാണിപ്പോൾ കേരളം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങൾക്കും കെ - റെയിലിന്റെ വേഗതയാണ്. എന്നാൽ ഏവരും സൗകര്യപൂർവം വിസ്മരിക്കുകയോ ചർച്ചചെയ്യപ്പെടാതെയോ പോകുന്നതാണ് റോഡ് വികസനം. ഒരു ദേശത്തിന്റെ നാഡീഞരമ്പുകളായ റോഡുകൾ വികസിച്ചെങ്കിലേ നാടിന്റെ വികസനവും പൂർണമാകൂ. കന്യാകുമാരി മുതൽ കാസർകോഡ് വഴി മുംബയ്ക്ക് സമീപം പൻവേൽ വരെ നീളുന്ന ദേശീയപാത 66 വികസനം കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയതാണ്. 50,000 കോടി രൂപയുടെ വികസനപദ്ധതിയിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം കാരോട് മുതൽ കാസർകോഡ് തലപ്പാടി വരെ 631.8 കിലോമീറ്റർ റോഡാണ് ദേശീയപാത 66 കേരളത്തിലൂടെ കടന്നുപോകുന്നത്. കേന്ദ്ര പദ്ധതിയായ റോഡ് വികസനത്തിന് കേരളത്തിലെത്തുമ്പോൾ മാത്രമാണ് വേഗം കുറയുകയും രൂപത്തിലും ഭാവത്തിലുമെല്ലാം മാറ്റം സംഭവിക്കുന്നതും. രാജ്യത്താകെ 60 മീറ്റർ വീതിയിൽ ആറുവരി പാതയായി നിർമ്മിക്കുന്ന ദേശീയപാത കേരളത്തിലെത്തുമ്പോൾ 45 മീറ്ററായി ചുരുങ്ങും. കേരളത്തിലെ വർദ്ധിച്ച ജനസാന്ദ്രതയും സ്ഥലം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് കേരളം 60 മീറ്ററിൽ നിന്ന് 45 മീറ്രറിലേക്ക് ഇളവ് വാങ്ങിയത്. കേന്ദ്ര പദ്ധതിയെങ്കിലും വികസനത്തിന് സ്ഥലമേറ്റെടുത്ത് നൽകേണ്ട ചുമതല മാത്രമാണ് സംസ്ഥാനം നിർവഹിക്കേണ്ടത്. ഇതിനായി റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ഓഫീസുകൾ തുറന്ന് വർഷങ്ങളായി പരിശ്രമിച്ചിട്ടും ഇതുവരെ സ്ഥലം പൂർണമായും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനായിട്ടില്ല. നിലവിൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള മേഖലയിൽ മാത്രമാണ് ആറുവരിപ്പാതയുടെ നിർ‌മ്മാണം പുരോഗമിക്കുന്നത്.

വാഹനപെരുപ്പത്തിൽ

വീർപ്പുമുട്ടി റോഡുകൾ

സംസ്ഥാനത്തെ ജനസംഖ്യപോലെ വാഹനങ്ങളുടെ എണ്ണവും പെരുകുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായാണ് വർദ്ധന. ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കം. 2021 ലെ കണക്ക് പ്രകാരം കേരളത്തിൽ വാഹനങ്ങളുടെ എണ്ണം 1.50 കോടിയോളമെത്തി. നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരും ഇത്. 1000 പേ‌ർക്ക് 450 വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരി 1000 പേർക്ക് 18 വാഹനം എന്നാണ്. ചൈനയിൽ അത് 47 ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാൾ ഒരുപാട് മുന്നിലെന്നും വികസിതരാജ്യങ്ങൾക്ക് തുല്യമെന്നുമാണ്. ഓരോ മാസവും നമ്മുടെ നിരത്തുകളിലേക്ക് പുതുതായി രജിസ്റ്റർ ചെയ്തിറക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങളാണ്. ഇവയെ ഉൾക്കൊള്ളാനുള്ള ശേഷി നമ്മുടെ നിരത്തുകൾക്കില്ല. അരനൂറ്റാണ്ടെങ്കിലും മുൻപുള്ള അതേ റോഡുകളിലൂടെയാണ് വാഹനങ്ങൾ നിറഞ്ഞൊഴുകുന്നത്. കെ - റെയിലിന്റെ ചർച്ചകൾ കൊഴുക്കുമ്പോഴും കേരളത്തിന്റെ തെക്കുവടക്ക് നീളുന്ന ദേശീയപാത 66 ന്റെ വികസനം സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാതെ മുടന്തുകയാണ്. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ 2024 ഡിസംബറിൽ ദേശീയപാതയുടെ നിർമ്മാണം പൂർത്തീകരിക്കാമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പ് നൽകുന്നത്. കേരളത്തിലെ വിവിധ റീച്ചുകളുടെ നിർമ്മാണത്തിനായി വിവിധ സ്ഥാപനങ്ങൾക്ക് കരാറും നൽകിക്കഴിഞ്ഞിട്ടും ഇതുവരെ 50 ശതമാനം സ്ഥലം പോലും ഏറ്റെടുത്ത് നൽകാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുമെന്ന്. സർക്കാരിന് തുടർച്ചയുണ്ടായിട്ടും ദേശീയപാത വികസനം എങ്ങുമെത്താതെ മുടന്തുകയാണ്. അതിനിടെയാണ് കെ- റെയിൽ പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്. കാസർകോ‌ഡ് മുതൽ തിരുവനന്തപുരം വരെ നാല് മണിക്കൂർകൊണ്ട് ഓടിയെത്തുന്ന വികസനം വെറും വികസനമല്ല. അത്തരമൊരു പദ്ധതി യാഥാർത്ഥ്യമായാൽ അത് തീർച്ചയായും കേരളത്തിന് ഗുണകരമാകുമെന്നതിൽ തർക്കമില്ല. പക്ഷേ ഈ താത്പര്യം കോടിക്കണക്കിന് ആൾക്കാർക്ക് പ്രയോജനപ്പെടുന്ന റോഡ് വികസനത്തിൽ കാട്ടുന്നില്ലെന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.

റോഡപകടങ്ങളിലും

കേരളം മുന്നിൽ

നിലവാരമില്ലാത്തതും ഇടുങ്ങിയതുമായ റോഡുകളിൽ നിത്യേന പൊലിയുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. മരിയ്ക്കാതെ ജീവച്ഛവങ്ങളായി ജീവിക്കുന്നവർ അതിലേറെ വരും. ഇന്ത്യയിൽ റോഡപകടങ്ങളിൽ 80 ശതമാനവും സൃഷ്ടിക്കുന്ന 13 സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്. ദിവസേന നൂറിലധികം വാഹനാപകടങ്ങളിൽ ശരാശരി 10 പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്ക്. 2019 ൽ 4440 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത്. 2020 ൽ അത് 2979 ആയി കുറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുമാണ് പ്രധാനമായും വാഹനാപകടങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം. പ്രധാന റോഡുകളിലടക്കം ഒറ്ററോഡിലൂടെ ഇരു ദിശയിലേക്കും വാഹനങ്ങൾ ഓടുന്നതാണ് അപകടനിരക്ക് കൂടാൻ കാരണം. പ്രധാന പാതകളെങ്കിലും നാല് വരിയാക്കിയാൽ അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനാകും. റോഡുകളിൽ വാഹനങ്ങൾ നിരങ്ങി നിരങ്ങി നീങ്ങുന്നതുമൂലമുണ്ടാകുന്ന ഇന്ധന നഷ്ടവും അതുവഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും അതിഭീമമാണ്. ഓരോ വർഷവും മോട്ടോർ വാഹന വകുപ്പ് നികുതിയിനത്തിലും പിഴയായും വാഹനഉടമകളിൽ നിന്ന് കോടികൾ ഈടാക്കുന്നുണ്ടെങ്കിലും അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് റോഡ് വികസനത്തിനായി ഉപയോഗിക്കുന്നില്ല.

ഒറ്ററോഡില്ല, അന്തർദ്ദേശീയ നിലവാരത്തിൽ

എല്ലാകാര്യത്തിലും കേരളം ഒന്നാമതെന്ന് മേനിപറയുമ്പോഴും അന്തർദ്ദേശീയ നിലവാരത്തിലുള്ള ഒറ്ററോഡ് പോലും ഇല്ലാത്ത സംസ്ഥാനമെന്ന വിശേഷണം ഒരുപക്ഷേ കേരളത്തിന് മാത്രമാകും സ്വന്തം. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം നല്ല നിലവാരമുള്ള ആറ് വരിപ്പാതകളും എക്‌സ്‌പ്രസ് ഹൈവേകളും ആവശ്യത്തിനുണ്ട്. മലയാളിക്ക് ഡ്രൈവിംഗ് സീറ്റിലിരുന്ന് ആയാസരഹിതമായി വാഹനം ഓടിയ്ക്കണമെങ്കിൽ സംസ്ഥാന അതിർത്തി കടക്കണം. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും ഒരു എക്‌സ്‌പ്രസ് ഹൈവേ നിർമ്മാണത്തിന് അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചെങ്കിലും അതിനെ ശക്തമായി എതിർത്ത് തോൽപ്പിച്ചവരാണ് ഇന്നത്തെ ഭരണപക്ഷം. അവർ കൊണ്ടുവരുന്ന കെ- റെയിലിനെ ശക്തിയുക്തം യു.ഡി.എഫ് എതിർക്കുന്നെങ്കിൽ അത് കേരളം കാലങ്ങളായി വികസനകാര്യത്തിൽ പുലർത്തുന്ന രാഷ്ട്രീയ ഇടപെടലിന്റെ തനിയാവർത്തനം എന്നേ വിശേഷിപ്പിക്കാനാകൂ. ഏത് കാര്യത്തിനും ഇവിടത്തെ രാഷ്ട്രീയക്കാർ ഏകസ്വരത്തിൽ വിമർശിക്കുന്ന ഉത്തർപ്രദേശിൽ റോഡ് വികസനം രാജ്യത്തിന് തന്നെ മാതൃകയാണ്. ഓരോ വർഷവും അവിടെ പുതിയ എക്സ്പ്രസ് ഹൈവെകളാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്ക് പോലും പറന്നിറങ്ങാവുന്ന റൺവെയായും ഉപയോഗിക്കാവുന്നതാണ് അവിടത്തെ എക്സ്‌പ്രസ് ഹൈവേകൾ. അത്രയ്ക്ക് 'ഹൈടെക്കാ"ണ് അവിടത്തെ റോഡ് വികസനം. നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണ്ണാടകയും റോഡ് വികസനത്തിൽ ഒട്ടും പിന്നിലല്ല. കേരളീയർക്ക് അഭിമാനത്തോടെ എടുത്തുപറയാൻ ഒറ്റ റോഡ് പോലും സംസ്ഥാനത്ത് ഇല്ലെന്നതാണ് ഏറെ ഖേദകരം. നിർദ്ദിഷ്ട പദ്ധതികളാകട്ടെ ഒച്ചിഴയും വേഗത്തിലും. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ കൊല്ലം, ആലപ്പുഴ ബൈപാസുകൾ പോലും 40 വർഷത്തിലധികം എടുത്താണ് പൂർത്തീകരിച്ചതെന്ന് പറഞ്ഞാൽ തന്നെ റോഡ് വികസനത്തിൽ സംസ്ഥാനം മാറിമാറി ഭരിക്കുന്നവർ കാട്ടുന്ന ശുഷ്ക്കാന്തി എത്രത്തോളമെന്ന് ബോദ്ധ്യപ്പെടും.

മറ്റൊരു ദേശീയപാത കൂടി, പക്ഷേ ....

ദേശീയപാത 66 ന്റെ വികസനം ഒച്ചിഴയും വേഗത്തിലെങ്കിലും മറ്റൊരു ദേശീയപാതയ്ക്ക് കൂടി കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്നാരംഭിച്ച് അഞ്ചൽ, തെന്മല, ആര്യങ്കാവ് വഴി തമിഴ്നാട്ടിലെ കോട്ടവാസലിൽ എത്തുന്ന ദേശീയപാത 744 നാണ് അനുമതി ലഭിച്ചത്. ഇതിന്റെ പ്രാഥമിക സർവേ കഴിഞ്ഞ് സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. താരതമ്യേന ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാതകടന്നുപോകുന്നതെന്നതിനാൽ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം കുറയും. നേരത്തെ ദേശീയപാതയാക്കാൻ തീരുമാനിച്ചിരുന്ന കൊല്ലം- കൊട്ടാരക്കര- പുനലൂർ- തെന്മല- ആര്യങ്കാവ്- കോട്ടവാസൽ റോഡാണ് കടമ്പാട്ടുകോണത്തു നിന്നാരംഭിക്കാൻ തീരുമാനിച്ചത്. കൊല്ലത്തു നിന്നുള്ള റോഡുവികസനം നടപ്പാക്കിയാൽ കൂടുതൽ വസ്തുവകകൾക്ക് ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരികയും കുടുതൽ പേരെ കുടിയൊഴിപ്പിക്കേണ്ടിയും വരുമെന്നതിനാലാണ് പുതിയ അലൈൻമെന്റ് നിശ്ചയിച്ചത്. ദേശീയപാത 66 വികസനം എന്ന് പൂർത്തീകരിയ്ക്കാനാകുമെന്നതിൽ പോലും അനിശ്ചിതത്വം നിലനിൽക്കെ പുതിയ ദേശീയപാത എന്ന് യാഥാർത്ഥ്യമാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.