
രക്തസമ്മർദം കാരണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഹൃദ്രോഗം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ ഉണ്ടാകുന്നതിന് പ്രധാന കാരണം പലപ്പോഴും അമിതമായ രക്തസമ്മർദമാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാത്തത് കാരണം പല സർജറികളും ഡോക്ടർമാർ മാറ്റി വച്ചതായും നിങ്ങൾ കേട്ടിട്ടുണ്ടാകും. അലോപ്പതി മരുന്നുകൾ ഉപയോഗിച്ച് രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും എന്നാൽ ഈ മരുന്നുകളുടെ ദീർഘകാല ഉപയോഗം നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മരുന്നുകളിലൂടെ മാത്രമല്ല പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടുതന്നെ രക്തസമ്മർദം നിയന്ത്രിക്കാം. രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകളെക്കാൾ ഫലപ്രഥമായ ഒന്നാണ് ചെമ്പരത്തി ചായ.
ചെമ്പരത്തി ചായ

ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുമെന്ന് വ്യത്യസ്തമായ മൂന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഈ ചായ കുടിക്കുന്നതിലൂടെ എൽഡിഎൽ(മോശം കൊളസ്ട്രോൾ) കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം രണ്ട് നേരം ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കുന്നുവെന്ന് 2019 ജൂലൈയിൽ ഇറാനിലെ മഷാദ് യൂണിവേഴ്‌സിറ്റി ഒഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. യുഎസ്എയിൽ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ മറ്റൊരു പഠനത്തിൽ മരുന്നുകൾ കഴിക്കുന്നവരെക്കാൾ ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നവരിൽ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് തെളിയിച്ചിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ചെറിയ അളവിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ചെമ്പരത്തി ചായ സഹായിക്കുന്നു.
നിലവിൽ രക്തസമ്മർദത്തിനോ മറ്റ് അസുഖങ്ങൾക്കോ മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെമ്പരത്തി ചായ കുടിക്കുക.