s-sugathan

ചരിത്രം നക്ഷത്രങ്ങളായി മാറിയ കൊല്ലം നഗരത്തിന്റെ ആകാശത്ത് ഇനി ഒരു താരകം കൂടി ഉണ്ടാവും. യാത്രയിലെ കല്ലുംമുള്ളും മറ്റൊരാളുടെ കാലിൽ കൊള്ളാതിരിക്കാൻ പ്രത്യേകം കരുതിയ എസ്.സുഗതൻ. ഞങ്ങളുടെ സുഗതണ്ണൻ. വർത്തകപ്രമാണിമാരുടെ കൂട്ടത്തിൽ എന്നും തലയെടുപ്പോടെ നിലകൊണ്ട സുഗതണ്ണന്റെ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്ന നേർത്ത ചിരി മരണത്തിലും അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല. നിയതിയുടെ അപരിമേയതയിലേക്ക് മൃദുമന്ദഹാസവുമായി അദ്ദേഹം നടന്നുപോയി.

ഒരാളുടെ മരണം വ്യക്തിപരമായ നഷ്ടമാകുന്നത് എന്തെങ്കിലും തന്നതു കൊണ്ടാവണമെന്നില്ല. മാഞ്ഞുപോയ ആ ജൈവികസാന്നിദ്ധ്യം നമുക്ക് പകർന്നുതന്നിട്ടുള്ള പോസിറ്റീവ് എനർജി മാത്രമാവാം അതിനു കാരണം. സായാഹ്നശബ്ദം മാനേജിംഗ് എഡിറ്റർ എസ്. സുഗതൻ അദ്ദേഹവുമായി അടുത്തിടപഴകിയവർക്കെല്ലാം പ്രിയങ്കരനായിരുന്നു. കൊല്ലം ബീച്ചിൽ പ്രഭാത സവാരിക്കിറങ്ങിയ സുഗതണ്ണനും കൂട്ടുകാരും സ്വന്തം ആരോഗ്യം മാത്രമല്ല, ചരിത്രപ്പെരുമയാർന്ന ബീച്ചിന്റെ ചന്തവും പ്രൗഢിയും സംരക്ഷിക്കാനും മുന്നിൽനിന്നു. അതിനായി ഒരു സംഘടനയും രൂപീകരിച്ചു. സീഷോർ വാക്കേഴ്സ് അസോസിയേഷൻ. കേരളകൗമുദിയുടെ കൊല്ലം യൂണിറ്റിൽ ജോലിചെയ്യുമ്പോൾ സീഷോർ വാക്കേഴ്സിനൊപ്പം ഞാനും കൂടിയിരുന്നു. സുഗതണ്ണന്റെ പ്രമാണിമാരായ സുഹൃത്തുക്കളിൽ പലരും എന്റെയും ജ്യേഷ്ഠസുഹൃത്തുക്കളായി. സായാഹ്നശബ്ദം ചീഫ് എഡിറ്ററായിരുന്ന ജി. വിപിനൻ ആ സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നു. അദ്ദേഹമാണ് വിയോഗവാർത്ത എന്നെ അറിയിച്ചത്.

വാണിജ്യപ്രമുഖനായിരുന്ന ഒരാൾ സൗഹൃദപ്രമുഖനാവുന്ന കഥയാണ് സുഗതണ്ണന്റെ ജീവിതം. എപ്പോഴും ചിരിച്ചുകൊണ്ട് പ്രവേശിക്കുന്ന സ്നേഹനിധി. ഇത്രയധികം സുഹൃത്തുക്കളുള്ള മറ്റൊരാൾ കൊല്ലം നഗരത്തിലുണ്ടാവില്ല. വലിപ്പച്ചെറുപ്പങ്ങളൊന്നും അതിനു ബാധകമായിരുന്നില്ല. ദേഷ്യപ്പെട്ട് സംസാരിക്കേണ്ടിവരുമ്പോഴും മുഷിവുണ്ടാവുന്ന നിലയിലേക്ക് അത് മാറാതിരിക്കാൻ പ്രത്യേക കരുതിയിരുന്നു. ചരിത്രപ്പെരുമയാർന്ന വാണിജ്യനഗരമായ കൊല്ലത്ത് ആദ്യമായി രൂപീകരിച്ച വ്യാപാരി സംഘടനയായ മർച്ചന്റ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി എട്ട് വർഷം പ്രവർത്തിച്ചു. റൂബി സ്വീറ്റ്സ് ഉടമ എ. അബ്ദുൾ റഹിം ആയിരുന്നു അന്ന് പ്രസിഡന്റ്. അന്ന് വ്യാപാരികൾക്ക് ഒറ്റ സംഘടനയേ ഉണ്ടായിരുന്നുള്ളൂ.

തികഞ്ഞ ഗുരുഭക്തനായിരുന്ന സുഗതൻ കേരളകൗമുദിയുടെയും സായാഹ്നശബ്ദത്തിന്റെയും കൊല്ലം ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടസമുച്ചയത്തിന്റെ മതിലിനു ചുറ്റും ഗുരുദേവസൂക്തങ്ങൾ കൊണ്ട് പ്രഫുല്ലമാക്കിയിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ സഹധർമ്മിണിയായ മാധവി സുകുമാരന്റെ സഹോദരൻ സി.എൻ. സോമനാഥന്റെ പുത്രനാണ് സുഗതൻ. കൊല്ലത്തെ വാണിജ്യമേഖല നിയന്ത്രിച്ചിരുന്ന സോമനാഥൻ സൈക്കിളിന്റെ മൊത്തവ്യാപാരിയായിരുന്നു. കല്ലുപാലത്ത് പ്രവർത്തിച്ചിരുന്ന സോംസൺ ആന്റ് കമ്പനി വളരെ പ്രസിദ്ധമാണ്. സിനിമാഭ്രമം ഉണ്ടായിരുന്ന സുഗതൻ കേരള ഫിലിം ഫാന്റ്സ് അസോസിയേഷന്റെ ട്രഷററായി ദീർഘകാലം പ്രവർത്തിച്ചു. ഒരു സിനിമ നിർമ്മിക്കാനും രംഗത്തിറങ്ങി. ഗൗരീശപട്ടം ശങ്കരൻനായർ എഴുതിയ പ്രിയപ്പെട്ട ജോർജ് തോമസ് എന്ന നോവലിനെ ആധാരമാക്കിയുള്ള സിനിമയുടെ തിരക്കഥ എഴുതിയത് തോപ്പിൽ ഭാസി. അത് പൂർത്തിയായെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. തുടർന്നാണ് 1984ൽ സായാഹ്നശബ്ദം എന്ന ഈവനിംഗ് ഡെയിലിക്ക് എസ്. സുഗതൻ രൂപം നൽകിയത്. പ്രഭാതങ്ങൾ മാത്രമല്ല സായാഹ്നങ്ങളും വാർത്തയുടെ കമ്പോളമാണെന്ന് എസ്. സുഗതൻ തെളിയിച്ചു. ചൂടാറും മുമ്പ് വാർത്തകൾ വായനക്കാരിലെത്തിക്കുന്ന ആ തന്ത്രം വിജയിച്ചു. നഗരത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ഗ്രാമങ്ങളിലേക്കും അത് വ്യാപിച്ചു. അച്ചാണി രവി പ്രസിഡന്റായ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും തുടർന്ന് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷനുകൾ അത്ര പരിചിതമല്ലാത്ത കാലത്താണ് പള്ളിത്തോട്ടം കേന്ദ്രമാക്കി കൗമുദി റസിഡന്റ്സ് അസോസിയേഷന് രൂപം നൽകിയത്. തുടക്കം മുതൽ അതിന്റെ രക്ഷാധികാരിയായിരുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും സജീവപ്രവർത്തകനും ഡയറക്ടർ ബോ‌‌ർഡ് അംഗവുമായിരുന്നു. സുഹൃത്തുക്കൾക്കും വ്യാപാരികൾക്കുമിടയിലെ 'തർക്കപരിഹാര കോടതി'കൂടിയായിരുന്നു സുഗതൻ. ഏതു പ്രശ്നത്തെയും സംയമനത്തോടെ കാണാനും തർക്കങ്ങളെ സംസാരിച്ച് ഒതുക്കാനും പ്രത്യേക പാടവമുണ്ടായിരുന്നു. എന്തിനും സൗഹാർദപരമായ ഒത്തുതീർപ്പുണ്ടാക്കും.

ഇടതുപക്ഷ സഹയാത്രികനായിരുന്ന സുഗതൻ എ.ഐ.വൈ.എഫിന്റെയും ഇൻഡോ സോവിയറ്റ് സാസ്കാരിക സൊസൈറ്റിയായ 'ഇസ്കസി'ന്റെയും കൊല്ലം ടൗൺ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ആരെയും വകവച്ചുകൊടുക്കുന്ന പ്രകൃതമായിരുന്നില്ല. എന്തുവന്നാലും കൂസലില്ലാതെ നേരിടാനും പ്രത്യേക മിടുക്കുണ്ടായിരുന്നു. പക്ഷേ, മുഷിവുണ്ടാകുന്ന നിലയിലേക്ക് ആ സമീപനം മാറാതിരിക്കാനുള്ള കരുതലും ആ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരുന്നു. മഹാപ്രതിഭകൾക്ക് ജന്മം നൽകിയ മയ്യനാടിന്റെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നതെന്ന ബോദ്ധ്യം എന്നും സുഗതണ്ണനുണ്ടായിരുന്നു. അതിന്റെ ഗരിമ എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. ലാളിത്യവും നർമ്മഭാവനകളും കൊണ്ട് അതിനെ പ്രസാദാത്മമാക്കിയ എസ്.സുഗതൻ ഒട്ടും നിനച്ചിരിക്കാത്ത ഒരു പ്രഭാതത്തിലാണ് വിടവാങ്ങിയത്. അതിരാവിലെ അനന്തമായ ഒരു യാത്രയ്ക്കിറങ്ങിയതാവാം സുഗതണ്ണൻ. പ്രണാമം.