
ന്യൂഡൽഹി: ദിനംപ്രതി ഉയരുന്ന സ്വർണവിലയിൽ കുറവുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്വർണത്തിന് നിലവിലുള്ള കസ്റ്റംസ് തീരുവ യുക്തിസഹമാക്കുമെന്നാണ് ബഡ്‌ജറ്റിലൂടെ ധനമന്ത്രി വ്യക്തമാക്കിയത്.
നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം. 2019ലാണ് തീരുവ പത്തുശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി ഉയർത്തിയത്. തുടർന്ന് സ്വർണത്തിന്റെ വില കുതിച്ചുയരുകയായിരുന്നു. ഇത് പരിഹരിക്കാൻ സ്വർണ-വെള്ളി ഇറക്കുമതി തീരുവ യുക്തിസഹമാക്കുമെന്നാണ് ബഡ്‌ജറ്റ് പ്രസംഗത്തിൽ പറയുന്നത്.ഇതിലൂടെ തീരുവ കുറയ്ക്കുമെന്ന സൂചനയാണ് മന്ത്രി നൽകിയത്. വെള്ളിക്കും സ്വർണത്തിന് സമാനമായ ഇറക്കുമതിച്ചുങ്കമാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.