nirmala

കൊച്ചി: സമ്പദ്‌വ്യവസ്ഥയുടെ അതിവേഗമുള്ള കരകയറ്റം ഉന്നമിട്ടതായിരുന്നു മുൻകാല ബഡ്‌ജറ്റുകളെങ്കിൽ ഇക്കുറി ധനമന്ത്രി നിർമ്മല സീതാരാമൻ ഊന്നൽ നൽകിയത് ദീർഘകാല വികസനത്തിന് അടിത്തറപാകാനാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക അമൃത മഹോത്സവ നിറവിലാണ് രാജ്യം.

അടുത്ത 25 വർഷക്കാലം (അതായത് 100-ാം വാർഷികത്തിലേക്കുള്ള ദൂരം) വികസനത്തിന്റെ കുതിച്ചൊഴുക്ക് ലക്ഷ്യമിട്ടുള്ള, പ്രഖ്യാപനങ്ങളാണ് 2022-23ലേക്കുള്ള ബഡ്‌ജറ്റിലുള്ളത്. സ്ത്രീകൾ, യുവാക്കൾ, പാർശ്വവത്കൃത സമൂഹം എന്നിവരുടെ ഉന്നമനവും അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള നിക്ഷേപവർദ്ധനയും ഉറപ്പാക്കാനായി നാല് മുൻഗണനാ പദ്ധതികൾ നിർമ്മല മുന്നോട്ടുവച്ചു. പി.എം. ഗതിശക്തി, ഉത്പാദനക്ഷമത വർദ്ധന, വികസന ഉൾപ്പെടുത്തൽ, ധനകാര്യ നിക്ഷേപം എന്നിവയിലധിഷ്‌ഠിതമായ വികസന പദ്ധതികളാണവ.

നേട്ടത്തിന്റെ നാളുകൾ

അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ശിലാസ്ഥാപനമാണ് ഇക്കുറി ബഡ്‌ജറ്റിലൂടെ നിർമ്മല ഉദ്ദേശിച്ചത്. ലക്ഷ്യം കാണാനുള്ള അടുത്ത 25 വർഷത്തെ 'അമൃതകാലം" എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. നല്ല കാര്യങ്ങൾ തുടങ്ങാനുള്ള സമയത്തെ വേദങ്ങളിൽ വിശേഷിപ്പിക്കുന്ന പദമാണത്.

സമ്പൂർണ ഡിജിറ്റൽവത്കരണം, മിനിമം ഗവൺമെന്റ് - മാക്‌സിമം ഗവേണൻസ്, പരാതികൾ പരിഹരിച്ചുള്ളതും സംരംഭകസൗഹൃദവുമായ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് എന്നിവയിലധിഷ്‌ഠിതവും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ അടിസ്ഥാനസൗകര്യ വികസനത്തിന് കരുത്തേകുന്നതുമായ പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ കാണാം.

പാളിയ പ്രതീക്ഷകൾ

കൊവിഡിൽ വൻ തിരിച്ചടിയേറ്റ ഉപഭോക്തൃവിപണിയെ കരകയറ്റാനോ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ആദായ നികുതിയിളവ് നൽകാനോ ധനമന്ത്രി ശ്രമിച്ചില്ലെന്നത് സാമ്പത്തിക ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. വളർച്ചയ്ക്ക് ബഡ്‌ജറ്റിൽ ഊന്നലുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥ നിലവിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ ഇല്ലെന്നത് ഏവരെയും നിരാശപ്പെടുത്തി.

മൂലധനച്ചെലവ് വർദ്ധന

വലിയ നേട്ടമാകും

2022-23ൽ സർക്കാരിന്റെ മൂലധനച്ചെലവ് നടപ്പുവർഷത്തെ 5.5 ലക്ഷം കോടി രൂപയിൽ നിന്ന് 7.5 ലക്ഷം കോടി രൂപയാക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പേകും. ഇതോടൊപ്പം സ്വകാര്യനിക്ഷേപവും ആകർഷിക്കാനുള്ള തീരുമാനം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. അടിസ്ഥാനസൗകര്യ മേഖലയ്ക്കും ഉപഭോക്തൃവിപണിക്കും ഇത് നേട്ടമാകും.

 ധനക്കമ്മി നടപ്പുവർഷം 6.4 ശതമാനത്തിലേക്കും 2025-26ഓടെ 4.5 ശതമാനത്തിലേക്കും കുറയ്ക്കുമെന്ന പ്രഖ്യാപനവും ഗുണകരമാണ്.

എം.എസ്.എം.ഇയും

സ്‌റ്റാർട്ടപ്പും

100 ശതമാനം സർക്കാർ ഗ്യാരന്റിയോടെ വായ്‌പ ലഭ്യമാക്കുന്ന ഇ.സി.എൽ.ജി.എസ് പദ്ധതി 2023 മാർച്ചുവരെ നീട്ടിയത് എം.എസ്.എം.ഇകൾക്കും ഹോസ്‌പിറ്റാലിറ്റി മേഖലയ്ക്കും നേട്ടമാകും. 50,000 കോടി രൂപ വർദ്ധിപ്പിച്ച് മൊത്തം അഞ്ചുലക്ഷം കോടി രൂപയാണ് വായ്‌പയ്ക്കായി വകയിരുത്തുന്നത്. യോഗ്യരായ സ്‌റ്റാർട്ടപ്പുകൾക്ക് മൂന്നുവർഷം നികുതി ഇൻസെന്റീവ് നൽകുന്നത് 2023 മാർച്ച് 31ലേക്ക് നീട്ടി.

മാനുഫാക്‌ചറിംഗും

പി.എൽ.ഐയും

ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നിവയിലൂന്നി സർക്കാർ നടപ്പാക്കുന്ന ഇൻസെന്റീവ് പദ്ധതിയായ പ്രൊഡക്‌ഷൻ ലിങ്ക്ഡ് സ്കീമിൽ 14 മേഖലകളുണ്ട്. 60 ലക്ഷം തൊഴിലും അഞ്ചുവർഷത്തിനകം അധികമായി 30 ലക്ഷം കോടി രൂപയുടെ ഉത്പാദനവുമാണ് ലക്ഷ്യം.

 പുതിയ മാനുഫാക്‌ചറിംഗ് കമ്പനികൾ 2024 മാർച്ചിനകം ഉത്പാദനം തുടങ്ങിയാൽ 15 ശതമാനം കോർപ്പറേറ്റ് നികുതിയടച്ചാൽ മതി. നിലവിധി കാലാവധി 2023 മാർച്ചാണ്.

കുതിപ്പിനൊരുങ്ങി

അടിസ്ഥാനസൗകര്യം

റോഡ്, റെയിൽവേ എന്നിവയിലുൾപ്പെടെ വികസനത്തിന്റെ ഗതിവേഗം കൂട്ടുന്ന പദ്ധതികളാണ് ബഡ്‌ജറ്റിലുള്ളത്. ഒരു സ്‌റ്റേഷൻ, ഒരു ഉത്പന്നം, 400 വന്ദേ ഭാരത് ന്യൂജൻ ട്രെയിൻ, 100 കാർഗോ ടെർമിനൽ, 4 മേഖലകളിൽ ലോജിസ്‌റ്റിക്‌സ് പാർക്ക് എന്നിവ ചെറുകർഷകരെയും ചെറു സംരംഭകരെയും കൂടി ലക്ഷ്യമിട്ടുള്ളതാണ്.

കാർഷികം

കയറ്റുമതി കൂടി ലക്ഷ്യമിട്ട് കെമിക്കൽ-ഫ്രീ, ജൈവകൃഷി പ്രോത്സാഹനം ബഡ്‌ജറ്റ് മുന്നോട്ടുവയ്ക്കുന്നു. കാർഷിക മേഖലയെ ഡിജിറ്റൽവത്കരിക്കാനുള്ള കിസാൻ ഡ്രോൺ പദ്ധതിയും ശ്രദ്ധേയം. താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം

200 ടിവി ചാനലുകൾ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ സ്കൂൾ വിദ്യാത്ഥികൾക്കായും പദ്ധതികളുണ്ട്. നാഷണൽ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാമാണ് ആരോഗ്യമേഖലയ്ക്കായി ബഡ്ജറ്റിലുള്ള ശ്രദ്ധേയ പ്രഖ്യാപനം.

എല്ലാവർക്കും വീട്

2022-23ൽ 48,000 കോടി രൂപ ചെലവിൽ 80 ലക്ഷം വീടുകൾ പി.എം.എ.വൈ പ്രകാരം നിർമ്മിക്കും. നിർമ്മാണ മേഖലയ്ക്കും ഇത് കരുത്താകും.

ഡിജിറ്റൽ ബാങ്കിംഗ്

സാമ്പത്തിക ഉൾപ്പെടുത്തൽ ഊർജിതമാക്കാൻ 1.5 ലക്ഷം പോസ്‌റ്റോഫീസുകൾ കോർ ബാങ്കിംഗിന് കീഴിലാക്കും. ഇത് എ.ടി.എം,​ നെറ്റ് ബാങ്കിംഗ്,​ മൊബൈൽ ബാങ്കിംഗ്,​ ഡിജിറ്റൽ പണമിടപാട് എന്നിവ വ്യാപിപ്പിക്കും.

 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ബാങ്കുകൾ സ്ഥാപിക്കും.

ബാറ്ററി സ്വാപ്പിഗും സോളാറും

ഇലക്‌ട്രിക് വാഹനോപയോഗം ഉയർത്താൻ ബാറ്ററി സ്വാപ്പിംഗ് നയം കേന്ദ്രം ആവിഷ്‌കരിക്കും. ബാറ്ററികൾ എക്‌സ്‌ചേഞ്ച് (സ്വാപ്പിംഗ്) നടത്താനും ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തി സജ്ജമാക്കും.

 ഡേറ്റാ സെന്റർ, ബാറ്ററി ചാർജിംഗ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് അടിസ്ഥാനസൗകര്യപദവി നൽകും; ഇത് ഇവയ്ക്ക് വായ്‌പാ മുൻഗണന ഉറപ്പാക്കും.

 പി.എൽ.ഐയിൽ 19,500 കോടി രൂപയുടെ മികവുറ്റ സോളാർ മൊഡ്യൂൽ ലേലം സംഘടിപ്പിക്കും.

ഗ്രീൻ ബോണ്ട് ഉടൻ

ഹരിതപദ്ധതികൾക്ക് മൂലധനം ഉറപ്പാക്കാനുള്ള ഗ്രീൻ ബോണ്ട് ഇക്കൊല്ലം കേന്ദ്രം പുറത്തിറക്കും.

5ജിയും പ്രതിരോധവും

5ജി സ്പെക്‌ട്രം ലേലം ഇക്കൊല്ലം നടത്തും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ആരോഗ്യമേഖലയ്ക്ക് ഉൾപ്പെടെ കുതിപ്പാകും. ബ്രോഡ്ബാൻഡ് കണക്‌ടിവിറ്റി ഉയർത്തും.

 പ്രതിരോധ മേഖലയിലെ ചെലവിൽ 68 ശതമാനം ആഭ്യന്തര കമ്പനികൾക്ക് ഉറപ്പാക്കും.

 പ്രതിരോധ മേഖലയിലെ ആർ ആൻഡ് ടി വ്യവസായം, സ്‌റ്റാർട്ടപ്പ്, വിദ്യാഭ്യാസ മേഖലകൾക്ക് കൂടി തുറന്നുനൽകും.

 കൂടുതൽ യുവജന തൊഴിലുകൾ സൃഷ്‌ടിക്കാനായി എ.വി.ജി.സി ടാക്‌സ്ഫോഴ്‌സ് രൂപീകരിക്കും. ആനിമേഷൻ, വിഷ്വൽ എഫക്റ്റ്‌സ്, ഗെയിം, കോമിക് മേഖലകളിലെ ജോലിസാദ്ധ്യതകളും ആഗോളതലത്തിലെ ഡിമാൻഡും മുന്നിൽക്കണ്ടാണിത്.

ഡിജിറ്റൽ റുപ്പിയും ക്രിപ്‌റ്റോ നികുതിയും

ക്രിപ്‌റ്റോകറൻസികൾക്ക് പൂട്ടിടാനായി റിസർവ് ബാങ്ക് ബ്ളോക്ക്ചെയിൻ ഉൾപ്പെടെയുള്ള ആദുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ റുപ്പി ഉടനെത്തും.

 ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസി, എൻ.എഫ്.ടി (നോൺ ഫംജിബിൾ തോക്കൺ) എന്നിവയിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തി.

 നികുതിയിളവുകൾക്ക് ഇവയിലെ നിക്ഷേപം പരിഗണിക്കില്ല.

 ഇവയിന്മേലുള്ള ഇടപാടുകൾക്ക് ഒരു ശതമാനം സ്രോതസിൽ നിന്നുള്ള നികുതി.

 ഇവ സമ്മാനമായി വാങ്ങുന്നവരും നികുതി അടയ്ക്കണം.

സഹകരണസംഘങ്ങൾക്ക് ആശ്വാസം

സഹകരണ സംഘങ്ങൾ അടയ്ക്കേണ്ട ഓൾട്ടർനേറ്റ് മിനിമം നികുതി 18.5 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി കുറച്ചതിന് കേരളത്തിലെ സംഘങ്ങൾക്കാണ് വലിയ ആശ്വാസമാകുക. ഒരുകോടി മുതൽ 10 കോടി രൂപവരെ വരുമാനമുള്ള സംഘങ്ങളുടെ സർചാർജ് ബാദ്ധ്യത 12ൽ നിന്ന് ഏഴു ശതമാനമായും കുറച്ചു.

പുതിയ ആദായ നികുതി റിട്ടേൺ

ആദായനികുതി റിട്ടേൺ തെറ്റുകൾ തിരുത്തി രണ്ടുവർഷത്തിനകം സമർപ്പിക്കാനുള്ള അവസരം നൽകും; നിലവിലിത് ഒരുവർഷമാണ്.

ഓഹരി വില്പന: ലക്ഷ്യം

₹65,000 കോടി

കഴിഞ്ഞവർഷങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ടാവണം 2022-23ലേക്കുള്ള പൊതുമേഖലാ ഓഹരി വില്പനവരുമാന ലക്ഷ്യം ധനമന്ത്രി 65,000 കോടി രൂപയായി ചുരുക്കി. നടപ്പുവർഷം ലക്ഷ്യമിട്ടത് 1.75 ലക്ഷം കോടി രൂപയായിരുന്നെങ്കിലും ഈ ലക്ഷ്യവും 78,000 കോടി രൂപയായി കുറച്ചു. നടപ്പുവർഷം ഇതിനകം സമാഹരിച്ചത് ഓഹരികൾ വിറ്റൊഴിഞ്ഞ് 12,030 കോടി രൂപയും ഓഹരിപങ്കാളിത്തം കുറച്ച് 9,330 കോടി രൂപയുമാണ്.

 എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന ഉടനുണ്ടാകും.

 ബി.പി.സി.എൽ., ഷിപ്പിംഗ് കോർപ്പറേഷൻ തുടങ്ങിയവയുടെ വില്പനയും വൈകില്ല.

റെക്കാഡിൽ മുത്തമിട്ട്

ജി.എസ്.ടി വരുമാനം

ജനുവരിയിൽ ജി.എസ്.ടിയായി സമാഹരിച്ചത് 1.40 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ ജി.എസ്.ടി സമാഹരണമാണ്. 2021 ഏപ്രിലിലെ 1.39 ലക്ഷം കോടി രൂപ ഇനി പഴങ്കഥ. ഡിസംബറിൽ ലഭിച്ചത് 1.29 ലക്ഷം കോടി രൂപയായിരുന്നു.