
നിർദ്ദിഷ്ട ഐ.എ.എസ് കേഡർ ചട്ടത്തിന്റെ ആറാംവകുപ്പിന് പരിഗണിക്കപ്പെടുന്ന ഭേദഗതികൾ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ബാധിക്കുമെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥ വിനിയോഗത്തിന്മേലുള്ള കേന്ദ്രത്തിന്റെ ഇടപെടലായി ഇത് വ്യാഖ്യാനിക്കപ്പെടാം. കേന്ദ്രസർക്കാരിലേയും സംസ്ഥാന സർക്കാരിലേയും ജില്ലകളിലേയും നിർണായക സ്ഥാനങ്ങളിൽ ഒരേ വിദ്യാഭ്യാസ പരിശീലന നിലവാരമുള്ള വ്യക്തികൾ വരണമെന്ന താത്പര്യത്തിലാണ് അഖിലേന്ത്യാ സർവീസുകൾക്ക് ഭരണഘടന രൂപം കൊടുത്തിട്ടുള്ളത്.
സീനിയർ ഡ്യൂട്ടി പോസ്റ്റുകളെന്ന പേരിൽ ഓരോ സംസ്ഥാനത്തും അഖിലേന്ത്യാ സർവീസുകാർക്ക് തസ്തികകൾ സംവരണം ചെയ്തിരിക്കുന്നു. തദ്ദേശീയരായ ഉദ്യോഗസ്ഥർക്ക് മൂന്നിലൊന്ന് അനുപാതത്തിലേ അതത് സംസ്ഥാനത്ത് നിയമനം നൽകൂ. ഈ ക്രമീകരണത്തിന്റെ ഫലമായി അഖിലേന്ത്യാ സർവീസുകാർ രാജ്യത്തെ 800 ഓളം ജില്ലകളിൽ നേരിട്ടുള്ള നിയമനത്തിലൂടെ സേവനം നടത്തുന്നു. കേന്ദ്ര സർക്കാരിലാകട്ടെ ഉന്നതതലങ്ങളിൽ മറ്റു കേന്ദ്രസർവീസുകാർക്കൊപ്പം സംസ്ഥാനങ്ങൾ നൽകുന്ന തോതിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിലും അഖിലേന്ത്യാ സർവീസുകാർ പ്രവർത്തിക്കുന്നു. നിലവിലെ പ്രതിസന്ധി കുറേയൊക്കെ 1997 മുതൽ 2006 വരെ റിക്രൂട്ട്‌മെന്റ് 40 - 50 ശതമാനം വെട്ടിക്കുറച്ചതിന്റെ കൂടി ഫലമാണ്. ആയതിനാൽ നിലവിൽ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ പദവികളിലേക്കുള്ള ഉദ്യോഗസ്ഥരെ നൽകുന്ന ബാച്ചുകൾ സാധാരണനിലയുടെ പകുതിമാത്രം
വലുപ്പമുള്ളതാണ്. ഒപ്പം ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടപ്പിലാക്കിയ രേഖാമൂലവും അല്ലാതെയുമുള്ള സ്‌ക്രീനിംഗ് വ്യവസ്ഥകൾ, സംസ്ഥാന സർക്കാരുകൾ കൂടുതൽ സൗകര്യങ്ങളും അലവൻസുകളും നൽകി ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് തുടരാൻ പ്രേരിപ്പിക്കുന്നത് അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരിൽ കേന്ദ്ര സർക്കാരിൽ സേവനം ചെയ്യാനുള്ള താത്പര്യം ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് സംസ്ഥാനത്തിന് അധികം ഉദ്യോഗസ്ഥരെ കേന്ദ്രത്തിൽ വിനിയോഗിക്കാനോ പ്രത്യേക ഉദ്യോഗസ്ഥനെ സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിലേക്ക് ഏകപക്ഷീയമായി മാറ്റി നിയമിക്കാനോ സാങ്കേതികവും നിയമപരവുമായ ഒട്ടേറെ സങ്കീർണതകളുണ്ട്.
കേന്ദ്രനിയമനം ആണെങ്കിലും ഇവരെ സംസ്ഥാനത്തെ തസ്തികകളിൽ മാത്രമേ സ്ഥിരമായി നിയമിക്കാനാവൂ. കേന്ദ്രത്തിൽ അവർക്ക് ലീൻ ഉണ്ടാവുന്നില്ല. കേന്ദ്ര സർവീസിലുള്ളപ്പോൾ മാത്രമാണ് നിയന്ത്രണാധികാരം താത്കാലികമായി കേന്ദ്രത്തിനു ലഭിക്കുന്നത്. സംസ്ഥാന കേഡറിനു പുറത്തുള്ള എല്ലാ നിയമനങ്ങളും ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിൽ ആയാൽത്തന്നെ കേഡറിന്റെ വിടുതലിനും വിടുതൽ ചെയ്യുന്ന വ്യക്തികളുടെ സമ്മതത്തിനും വിധേയമായി മാത്രമേ നിയമനം നടത്താൻ കഴിയൂ.
സുപ്രീം കോടതിയും നിരവധി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകളും ഉദ്യോഗസ്ഥ അനുമതി കൂടാതെ കേഡറിലെ സ്ഥാനത്തുനിന്ന് ഉദ്യോഗസ്ഥനെ പുറംസർവീസുകളിലേക്ക് മാറ്റുന്നത് തടയാൻ ഉത്തരവായിട്ടുള്ളതാണ്. ഡൽഹിയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് വിജ്ഞാപനം ചെയ്ത് അപേക്ഷിച്ച ഉദ്യോഗസ്ഥനെ പകരം സിക്കിമിൽ മാറ്റി നിയമിച്ച നടപടിയും
ട്രൈബ്യൂണലുകൾ ഉദ്യോഗസ്ഥന്റെ സമ്മതത്തിന്റെ അഭാവത്താൽ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ അപേക്ഷകളിലും സേവനത്തിന് സമ്മതമുള്ള ഉദ്യോഗസ്ഥരിൽ നിന്നുമാത്രമാണ് പാനലുകൾ അപേക്ഷ ക്ഷണിക്കാറുള്ളത്.
കേന്ദ്രസർവീസിലേക്ക് ഒരു പ്രത്യേക അനുപാതത്തിൽ നിർബന്ധമായി സംസ്ഥാനം പേരുകൾ നൽകണമെന്ന് നിഷ്‌കർഷിച്ചാൽ രേഖാമൂലം സമ്മതം നൽകാത്ത ഉദ്യോഗസ്ഥരുടെ പേരും നിർബന്ധത്താൽ നിർദ്ദേശിക്കപ്പെട്ടു പോകാൻ സാദ്ധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് തങ്ങൾ സംസ്ഥാനത്ത് താത്പര്യപൂർവം ചെയ്തുവരുന്ന പദവിയൊഴിഞ്ഞ് ഡെപ്യൂട്ടേഷൻ പദവിയിൽ നിർബന്ധമായി പോകേണ്ടതായി വരും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിദൂര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരം ഡെപ്യൂട്ടേഷൻ അനുഗ്രഹമാണെങ്കിലും
സമ്മതം നൽകാത്ത ആളെ അയാൾക്ക് അവകാശമുള്ള കേഡറിലെ പദവിയിൽ നിന്നും താത്കാലികമായി പുറംതള്ളുന്നത് നിയമപരമായി നിലനിൽക്കില്ല. മാതൃകേഡർ ഉദ്യോഗസ്ഥന്റെ ഗൃഹമാണ്. അദ്ദേഹത്തെ ഗൃഹത്തിൽനിന്ന് ബലമായി പുറംതള്ളാനാവില്ല. താത്പര്യമുള്ളവരെ മാത്രമേ കേഡറിനു പുറത്ത് അയയ്ക്കാനാവൂ. അപ്പോൾ നിർദ്ദിഷ്ട ഭേദഗതിയിൽ ഉദ്യോഗസ്ഥന്റെ സമ്മതവും കേഡർ നിയന്ത്രിക്കുന്ന സർക്കാരിന്റെ അനുമതിയും
പൊതുതാത്പര്യത്തോളം തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇപ്രകാരമുള്ള പാനലുകളെ അടിസ്ഥാനപ്പെടുത്തി ഡെപ്യൂട്ടേഷൻ നിശ്ചയിക്കുന്നതിന് ഉപരിയായി പൊതുതാത്പര്യത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ അവരുടേയോ സംസ്ഥാനത്തിന്റേയോ സമ്മതമില്ലാതെ ഡെപ്യൂട്ടേഷന് നിർബന്ധിക്കാവുന്നതാണെന്ന വ്യവസ്ഥയിലും ചില അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നു. ഭിന്നതാത്പര്യങ്ങളുള്ള ഒരു സംസ്ഥാന സർക്കാരിലെ സുപ്രധാന സ്ഥാനങ്ങളിലുള്ള
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ ഒന്നിച്ച് കേന്ദ്രത്തിൽ നിയമിച്ചാൽ അത് സംസ്ഥാന
ഭരണത്തിന്റെ വേഗതയെ ബാധിക്കാൻ സാദ്ധ്യത ഏറെയാണ്. ഇതിന്റെ ഒരു അനിയന്ത്രിത പാർശ്വഫലം കൂടുതൽ സ്വാധീനമുള്ള ഉദ്യോഗസ്ഥർ സംസ്ഥാന കേഡറിലെ ഉയർന്ന സ്ഥാനത്തെത്താൻ സാദ്ധ്യതയുള്ളയാളെ കേന്ദ്രത്തിലേക്കോ ഇതര സർവീസുകളിലേക്കോ മാറ്റിയശേഷം ആ പദവി കരസ്ഥമാക്കാൻ വഴിവച്ചേക്കാം എന്നതാണ്. ഈ അപകടം ഒഴിവാക്കേണ്ടതുണ്ട്.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ പൊതുവിൽ രാഷ്ട്രീയ നേതാക്കളുമായി ദൈനംദിന ബന്ധവും അടുപ്പവുമുള്ളവരാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടരുത്. കേന്ദ്ര സർക്കാരിന് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ പൊതുതാത്പര്യത്താൽ കേന്ദ്രത്തിലെ സുപ്രധാന പദവിയിലേക്ക് കൊണ്ടുവരാം. എന്നാൽ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒരു കമ്പനിയുടേയോ സൊസൈറ്റിയുടേയോ സേവനത്തിനായി സംസ്ഥാനത്തെ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനെ നിർബന്ധമായി നിയോഗിക്കുന്നത് നിയമപരമായി
കോടതികൾ പ്രതികൂലമായി കാണാനിടയുണ്ട്. നിലവിലെ ചട്ടത്തിലെ കരട് നിർദ്ദേശം മൂന്നു
രീതിയിൽ മെച്ചപ്പെടുത്താവുന്നതാണ്.
1. കേഡറിനു പുറത്തുള്ള ഡെപ്യൂട്ടേഷൻ നിയമനം, നിയമിതനാകുന്ന ഉദ്യോഗസ്ഥന്റെ അനുമതിക്ക് വിധേയമായി മാത്രം സംസ്ഥാന കേന്ദ്ര സർക്കാരുകൾ നടത്തുക.
2. സംസ്ഥാനവുമായി കേന്ദ്രം നടത്തുന്ന ആശയ വിനിമയങ്ങളിൽക്കൂടി മതിയായ സമയം നൽകി മാത്രം സംസ്ഥാന സേവനത്തിനുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ വിടുതൽ ചെയ്യുക.
3. ഉദ്യോഗസ്ഥരെ വേണ്ടതിലും കുറച്ചുമാത്രം അയയ്ക്കുന്ന സംസ്ഥാനങ്ങളുമായി അർദ്ധ വാർഷിക റിവ്യൂ നടത്തി കേന്ദ്രം പരസ്പര സമന്വയത്തിൽ കൂടി കൂടുതൽ ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. ഇതിനുപകരം സംസ്ഥാനങ്ങളെ നിർബന്ധിക്കുന്ന സമീപനം ദീർഘകാല അടിസ്ഥാനത്തിൽ ദോഷം ചെയ്യുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പുനരാലോചന വേണ്ട വിഷയമാണിത്.
( അഭിപ്രായം വ്യക്തിപരം )