
അന്ന് ഒന്നാം രാഗം പാടി എന്ന ഗാനം . ഇന്ന് നഗുമോ എന്ന് ആരംഭിക്കുന്ന കീർത്തനം. ആദ്യ പാട്ട് തൂവാനത്തുമ്പികൾ സിനിമയിൽ ജി. വേണു ഗോപാൽ ആലപിച്ച് മോഹൻലാൽ അഭിനയിച്ചത്. ഹൃദയം സിനിമയിൽ നഗുമോ എന്ന ഗാനരംഗത്ത് പ്രണവ് മോഹൻലാലിന് ശബ്ദമായത് ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലും. ഇപ്പോഴിതാ സമൂഹ മാദ്ധ്യമത്തിൽ വേണുഗോപാൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധ നേടുന്നു. 
'മുഖവും ശബ്ദവും! വർഷങ്ങളായി... രണ്ടു തലമുറകളായി", എന്ന അടിക്കുറിപ്പോടെ ജി. വേണുഗോപാൽ തന്റെയും മോഹൻലാലിന്റെയും പഴയ ചിത്രവും പ്രണവ് മോഹൻലാലിനൊപ്പം അരവിന്ദ് വേണുഗോപാൽ നിൽക്കുന്ന ചിത്രവുമാണ് പങ്കുവച്ചത്. തൂവാനത്തുമ്പികളിലെ ഒന്നാം രാഗം പാടി എന്ന ഗാനത്തിലൂടെയാണ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിന് വേണുഗോപാൽ ആദ്യമായി ശബ്ദമായത്. ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ നഗുമോ എന്ന കീർത്തനമാണ് ഹൃദയത്തിൽ അരവിന്ദ് പാടിയത്. പാട്ട് കേട്ടവരുടെ ഹൃദയത്തിൽ ഗൃഹാതുരത്വം സൃഷ്ടിക്കുകയും ചെയ്തു. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം എന്ന സിനിമയിൽ എം.ജി. ശ്രീകുമാറും നെയ്യാറ്റിൻകര വാസുദേവനും അനശ്വരമാക്കിയ നഗുമോ എന്ന ഗാനം ആസ്വദിച്ചവർ അരവിന്ദ് വേണുഗോപാലിന്റെ ആലാപന മികവിനെയും ഇഷ്ടപ്പെട്ടു.
മോഹൻലാലിന്റെ ചിത്രങ്ങളിലെ ഒരു പിടി നല്ല ഗാനങ്ങൾക്ക് ജി. വേണുഗോപാൽ ശബ്ദം നൽകിയിട്ടുണ്ട്. ബാബ കല്യാണിയിലെ കൈ നിറയെ വെണ്ണ തരാം, മഹാസമുദ്രത്തിലെ കണ്ടോ കണ്ടോ, ഭ്രമരത്തിലെ കുഴലൂതും പൂന്തെന്നലേ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ശ്രോതാക്കൾക്ക് സമ്മാനിച്ചു. അരവിന്ദ് ഹൃദയത്തിന്റെ സഹസംവിധായകൻ കൂടിയാണ്. അഞ്ജലി മേനോന്റെ 'കൂടെ" എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് തുടക്കമിട്ടത്. 2011 ൽ ജയരാജ് സംവിധാനം ചെയ്ത, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ 'ദ ട്രെയിൻ" എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ജിസ് ജോയ് ചിത്രം സൺഡേ ഹോളിഡേയിലെ മഴ പാടും എന്ന ഗാനമാണ് അരവിന്ദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ആലാപനം.