
1950 - 60 കളിൽ ഗൾഫ് രാജ്യങ്ങളിൽ എണ്ണ ഖനനം ആരംഭിച്ചപ്പോൾ തൊഴിലെടുക്കാൻ അവിടത്തെ ആളുകൾ പരിമിതമായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ ആ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. 2019 ലെ ചില കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം ഒരു കോടിയിലെറെ ഇന്ത്യക്കാർ ഏഴ് ഗൾഫ് രാജ്യങ്ങളിലായി ഉണ്ടായിരുന്നു. അതിൽ അറുപതുലക്ഷം പേരും കേരളീയരായിരുന്നു. അതേവർഷം പ്രവാസികളായ ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്കയച്ച തുക ആറുലക്ഷം കോടി രൂപയാണ്. കേരളത്തിലേക്കയച്ചത് 2.27 ലക്ഷം കോടിയും.
ഗൾഫിൽ ജോലിതേടി എത്തിയവരിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരുടെ കുടുംബാംഗങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ഒരാൾ ഗൾഫിൽ ജോലി ചെയ്യുക എന്നത് വലിയ അഭിമാനമായി അവരൊക്കെ കണക്കാക്കി. കുടുംബത്തിലെ വിവാഹങ്ങൾക്ക് ധാരാളം പണം ചെലവാക്കാൻ തുടങ്ങി. അവർ സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിച്ചു.
കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടയിൽ ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്നു വരുന്നുണ്ട്. അതിന്
മുഖ്യകാരണങ്ങൾ രണ്ടാണ്. ഒന്ന് എണ്ണവില കുത്തനെ ഇടിഞ്ഞതും, മറ്റൊന്ന് കൊവിഡ്. തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി അവിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇന്ത്യ, ചൈന, ജപ്പാൻ പോലെ ഏഴ് ഗൾഫ് രാജ്യങ്ങളുടെയും ജി.ഡി.പിയുടെ മൊത്തം കമ്മി ഏകദേശം അഞ്ച് ശതമാനം വരെ കുറയുകയും ചെയ്തു. അത്രയും നഷ്ടമുണ്ടാകുമ്പോൾ പൊതുചെലവ് കുറയ്ക്കുന്നതിനും അവർ നിർബന്ധിതരാകേണ്ടി വരുന്നു. 2014 ലാണ് ഏറ്റവും കൂടുതൽ മലയാളികൾ അവിടെ ജോലിചെയ്തിരുന്നത്.
2015 മുതൽ 2019 വരെ ഗൾഫിൽ കുടിയേറിയ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ചുവടെ
ഇന്ത്യയിൽ നിന്നുള്ള ആളുകൾക്ക് കൊടുത്തിരുന്ന ജോലികളുടെ (നഴ്സ്, കൽപ്പണിക്കാർ, മരപ്പണിക്കാർ, ഡ്രൈവർ, വീട്ടുജോലിക്കാർ മുതലായ തൊഴിൽ മേഖലകളിൽ) കൂലി തൃപ്തികരമായിരുന്നില്ല. തുടർന്ന് കിട്ടിയ പരാതികളിന്മേൽ ഇന്ത്യൻ ഗവൺമെന്റും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും കൂലി കൂട്ടികൊടുക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ എണ്ണവില ഇടിഞ്ഞു നിന്നിരുന്നതിനാൽ കൂലി കൂട്ടിനൽകാൻ അവർക്ക് കഴിഞ്ഞില്ല.
ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നയങ്ങളിൽ ഒരുപാട് മാറ്റം വരുന്നുണ്ട്. ജോലികളിൽ സ്വദേശികൾക്ക് തന്നെ മുൻഗണന കൊടുക്കുന്നുണ്ട്. കൂടാതെ വീസ ഫീസും പെർമിറ്റ് തുകയും ഒരുപാട് വർദ്ധിപ്പിച്ചു. അങ്ങനെ നോക്കുമ്പോൾ ഈ സാഹചര്യങ്ങളിൽ അവിടെ കഴിയാൻ ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകാൻ തുടങ്ങി.
കൊവിഡിന് മുൻപ് ആളുകൾക്ക് അവിടെ തങ്ങാമായിരുന്നു, കാരണം ഗവൺമെന്റ് കരാറുകൾ പുതുക്കി നൽകാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു തുടങ്ങി. മാത്രമല്ല താഴെക്കിടയിൽ ജോലിചെയ്ത് തുടങ്ങിയവർക്ക് ഉയർന്ന ജോലി ലഭിക്കുകയും നല്ല തുക ശമ്പളം വാങ്ങാൻ സാധിക്കുകയും ചെയ്തു. എണ്ണവില ഭേദപ്പെട്ട് മുന്നോട്ട് പോയിരുന്നെങ്കിൽ സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടെനെ. എന്നാൽ കൊവിഡ് 19 എല്ലാ കണക്കുകൂട്ടലുകളും തകിടംമറിച്ചു. ആർക്കെങ്കിലും കൊവിഡ് പിടിപെട്ടാൽ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന സാഹചര്യങ്ങളുണ്ടായി. ലോക്ഡൗൺ ചെയ്ത രാജ്യങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത ആളുകൾക്ക് ലേബർ ക്യാമ്പിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിയേണ്ടി വരുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങൾ ആരോഗ്യമേഖലയിൽ വലിയ ഉയർച്ച കൈവരിച്ചെങ്കിലും അന്യരാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാർക്ക് അത്തരം സൗകര്യങ്ങൾ നൽകുന്ന കാര്യത്തിൽ അത്രയും വളർന്നിട്ടില്ല.
എത്രപേർ നാട്ടിലേക്ക് തിരികെ വരുന്നുണ്ടെന്ന് ഊഹിക്കാൻ മാത്രമേ കഴിയൂ, കാരണം ഇന്ത്യയോ ഏതെങ്കിലും ഏജൻസികളോ ഈ കണക്കുകൾ സൂക്ഷിക്കുന്നില്ല. കൊവിഡിന്റെ പ്രയാസങ്ങൾ എത്രയും വേഗം കുറയുകയും ആളുകളുടെ ദുരിതങ്ങൾ വേഗം ശമിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.