
ജ്ഞാനം തേടിയുള്ള യാത്ര. അതെപ്പോഴും അലച്ചിലാണ്. അത് അനിവാര്യവുമാണ്. അഹം ബോധത്തിൽ നിന്ന് ആത്മബോധത്തിലേക്കാവണം ആ യാത്ര. അതത്ര എളുപ്പമല്ല. വഴികൾ പലതുണ്ട്. പക്ഷേ പാദമുറയ്ക്കാറില്ല. ഭക്തിയെ കേവലയുക്തി ചോദ്യം ചെയ്യും. കർമ്മത്തെ ധർമ്മാധർമ്മങ്ങൾ പിച്ചിച്ചീന്തും. തലയിലെ ഭാരം കൂടുകയാണല്ലോ. ആർജ്ജിച്ചത് മതി. ഇനി ത്യജിയ്ക്കാൻ പഠിയ്ക്കുക. ഗുരുവിന്റെ പ്രസക്തി അവിടെയാണ്. ആത്മാന്വേഷിയുടെ മുമ്പിൽ ആത്മാർത്ഥതയ്ക്ക് അനുസൃതമായി കാലാകാലങ്ങളിൽ പ്രത്യക്ഷമാകുന്ന വിശേഷജ്ഞാനമാണ് ഗുരു. അതൊരു നിറനിലാവാണ്. ഗുരുത്വത്തിന് നാമരൂപങ്ങൾ പലർക്കും പലതാണ്. ഇവിടെ അതിന് പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ എന്നേ അർത്ഥമുള്ളൂ. ആ ജീവിതരേഖ ഇങ്ങനെയാണ്. തിരുവനന്തപുരത്ത് പേരൂർക്കടയിൽ കുറുക്കണ്ണാൽ വീട്ടിൽ ഗോവിന്ദപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകനായി 1923 ഫെബ്രുവരി അഞ്ചിന് ജനനം. സംസ്‌കൃതത്തിലും ഹിന്ദിയിലും മലയാളത്തിലും മാസ്റ്റർ ബിരുദങ്ങൾ. ആദ്യം മഹാത്മാഗാന്ധി കോളേജിൽ അദ്ധ്യാപകൻ. പിന്നീട് യൂണിവേഴ്സിറ്റി കോളേജിൽ. തുടർന്ന് പാലക്കാട് വിക്ടോറിയാ കോളേജിലും മറ്റ് സർക്കാർ കോളേജുകളിലും. 1978-ൽ അദ്ധ്യാപന ജീവിതത്തിന് വിരാമം. ആദ്യം കമ്മ്യൂണിസ്റ്റ്. പിന്നെ തികഞ്ഞ വേദാന്തി. കേവലം ഏഴ് വയസുള്ള മകൻ അരവിന്ദന്റെ മരണം ആദ്ധ്യാത്മികാന്വേഷണങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകുന്നു. മകൻ അച്ഛന് ഗുരുവായി ഭവിക്കുന്നു. ശിവന് സുബ്രഹ്മണ്യൻ എന്നപോലെ. പാലക്കാട്ടെ വിജ്ഞാനരമണീയാശ്രമത്തിൽ നാന്ദികുറിച്ച അദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേരളം ഏറ്റെടുക്കുന്നു. ഗഹനമായതിനെ ലളിതമാക്കുന്ന പ്രഭാഷണകല. ഭാഷ്യരചനയിലെ സുവ്യക്തത. ഭഗവദ്ഗീത, ദശോപനിഷത്തുകൾ, ബ്രഹ്മസൂത്രം, ഭാഗവതം, പഞ്ചദശി, ജീവൻമുക്തിവിവേകം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം, യോഗവാസിഷ്ഠം, ശ്രീനാരായണഗുരുവിന്റെ സമ്പൂർണകൃതികൾ. ഈ ഭാഷ്യങ്ങൾ ഇന്നും മുമുക്ഷുക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
അദ്ദേഹം പറഞ്ഞു : ''വേദാന്ത സത്യം തെളിഞ്ഞു കിട്ടിയാൽ അത് അത്യന്തം ലളിതമാണ്. തെളിയാത്തിടത്തോളം അത്യന്തം ഗൂഢവുമാണ്. സാമൂഹ്യപരിഷ്‌കർത്താവ് എന്ന ക്ലീഷേയിൽ പെട്ടുപോയ ശ്രീനാരായണഗുരുവിന്റെ യഥാർത്ഥ സ്വത്വം കേരളീയർ തിരിച്ചറിഞ്ഞത് ബാലകൃഷ്ണൻനായർ സാറിന്റെ വ്യാഖ്യാനങ്ങളിലൂടെയാണ്. ഗുരുദേവനിലെ കവിയെയും അദ്വൈതിയേയും കാണാൻ മലയാളിക്ക് ബാലകൃഷ്ണൻനായർ കണ്ണാടിയായി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഗുരുദേവകൃതികളുടെ ഭാഷ്യമാണെന്നതിൽ തർക്കമില്ല. നാരായണഗുരുവിന്റെ 'അറിവ്' എന്ന കൃതി വ്യാഖ്യാനിച്ചുകൊണ്ട് ബാലകൃഷ്ണൻനായർസാർ എഴുതി : അറിവ്, അറിയപ്പെടുന്ന പദാർത്ഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോൾ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവുതന്നെയാണെന്ന് തെളിയും. ഒരിയ്ക്കലും അതിൽ നിന്ന് ഭിന്നമല്ല. ഈ പ്രപഞ്ചാനുഭവത്തിൽ ബോധം ഒരിയ്ക്കലും ഒരിടത്തും മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ട് എവിടെയും വസ്തുവായി ബോധമല്ലാതെ
മറ്റൊന്നും ഇല്ലെന്ന് കാണേണ്ടതാണ്'' താൻ അറിഞ്ഞ് അനുഭവിച്ച വേദാന്തസാരം മുഴുവനും തന്റെ സഹജീവികൾക്കായി പകർന്നു നൽകാൻ അദ്ദേഹത്തിന് വല്ലാത്ത തിടുക്കമുള്ളതായി തോന്നിയിട്ടുണ്ട്. പൊതുവെ ദുർബലമെങ്കിലും മുഴക്കമുള്ളതായിരുന്നു ആ ശബ്ദം. ബോധം, അറിവ്. ആ രണ്ടു വാക്കുകളും അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരുന്നു. ജീവിതസമസ്യകൾക്കുത്തരം തേടിയെത്തുന്നവരെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: പ്രപഞ്ചത്തിന്റെ ശാസ്ത്രീയസത്യം അത്യന്തം ലളിതമാണ്. അതറിയാനും അനുഭവിയ്ക്കാനും എളുപ്പം. അതറിഞ്ഞനുഭവിയ്ക്കാൻ തുടങ്ങിയാൽ ജീവിതത്തിലെ എത്ര കടുത്ത ദുഃഖവും മാറിക്കിട്ടും.
ജീവിതം പൂർണധന്യത കൈവരിയ്ക്കുന്നതായി ഉറപ്പുവരികയും ചെയ്യും. ബ്രഹ്മം അഥവാ ബോധം അതാണ് നിലനിൽപ്പിന്റെ ശാസ്ത്രീയസത്യം. ബോധമുണ്ടോ പ്രപഞ്ചമുണ്ട്. ബോധമില്ലേ പ്രപഞ്ചമില്ല. അതുകൊണ്ട് പ്രപഞ്ചമായി കാണപ്പെടുന്നതെല്ലാം അതെന്തുതന്നെയായാലും ബോധമാണ്. അഥവാ ബ്രഹ്മമാണ്. ഈ അദ്വൈതസത്യം ഉറപ്പുവരുംതോറും മനുഷ്യമനസ് രാഗദ്വേഷങ്ങളകന്ന് നിരന്തരാനന്ദമനുഭവിച്ച് ശാന്തിയിലെത്തി ധന്യമാകും. ഭൗതികദേഹം വെടിയും മുമ്പ് അദ്ദേഹം പറഞ്ഞു: ''ഞാൻ നിത്യമുക്തനാണ്. ഞാൻ മരിയ്ക്കുന്നില്ല. ദേഹം വിട്ടുപോകുന്നുവെന്ന് മാത്രം. അതുകൊണ്ട് ദേഹം ഉടൻ ദഹിപ്പിച്ച് ഭസ്മമാക്കണം. മറ്റൊരു ചടങ്ങും ആവശ്യമില്ല.'' 2011 ഫെബ്രുവരി 4-ന് ദേഹം വെടിഞ്ഞ ആ പുണ്യാത്മാവിന്റെ വാക്കുകൾ ഫെബ്രുവരി 5-ന് അക്ഷരംപ്രതി പാലിക്കപ്പെട്ടു. ആ ഓർമ്മകൾക്ക് ഇന്ന് പതിനൊന്നു വർഷം തികയുന്നു.
(കഥാകൃത്തും നോവലിസ്റ്റുമാണ് ലേഖകൻ ഫോൺ : 9447044358 )