
ന്യൂയോർക്ക്: ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരുന്നുവെന്ന് പഠനങ്ങൾ. മാത്രമല്ല തീവ്രത കുറഞ്ഞ അണുബാധകൾക്ക് ഭാവിയിലെ രോഗബാധയിൽ നിന്ന് സംരക്ഷണം നൽകാനാകില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്താകമാനം അതിരൂക്ഷമായി വ്യാപനം തുടരുന്ന ഒമിക്രോൺ മഹാമാരി അവസാനിക്കുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്.
ഒമിക്രോൺ ബാധിതരിൽ ആന്റിബോഡികൾ നിർവീര്യമാകുന്നത് രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നുവെന്ന് സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ വെളിപ്പെടുത്തുന്നു. വാക്സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ രോഗം തീവ്രമാകുന്നില്ലെങ്കിലും ഭാവിയിലെ രോഗബാധ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരിൽ മൂന്നിൽ ഒരാൾക്ക് മാത്രം സ്വാഭാവികമായി രോഗബാധയേൽക്കാൻ സാദ്ധ്യതയുള്ളതായും പഠനത്തിൽ വ്യക്തമാക്കുന്നു. ഭാവിയിലെ രോഗബാധയിൽ നിന്ന് രക്ഷനേടാൻ ബൂസ്റ്റർ ഡോസുകൾ നിരന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന്റെ രണ്ടാം തലമുറ യഥാർത്ഥ വൈറസിനേക്കാൾ രോഗവ്യാപന തോത് കൂടിയവയാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. ഒമിക്രോൺ രോഗബാധയേറ്റ രോഗികളേക്കാൾ ബി എ.2 വകഭേദം ബാധിച്ച രോഗികൾ വേഗത്തിൽ രോഗം പടർത്തുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവരിൽ അപകടസാദ്ധ്യത ഏറെയാണെന്നും ഗവേഷകർ പറഞ്ഞു. ലോകമെമ്പാടും ഏറ്റവും ശക്തമായി തുടരുന്നത് ബി എ.1 വകഭേദമാണെങ്കിലും സമീപകാലത്തായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ബി എ.2 വർദ്ധിക്കുന്നതായി കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.