home

കേന്ദ്ര ബഡ്‌ജറ്റിൽ കുടുംബത്തിനൊന്നാകെ ആശ്വാസിക്കാനും ചില കാര്യങ്ങളുണ്ട്.

അച്ഛനാണ് താരം

സംസ്ഥാന സർക്കാർ ജീവനക്കാരനാണ്. ഇതുവരെ ശമ്പളത്തിന്റെ ആനുപാതികമായി 10 ശതമാനമാണ് സർക്കാർ ദേശീയ പെൻഷൻ സ്കീമിലേക്ക് (എൻ.പി.എസ്) അടച്ചിരുന്നത്. ഇക്കുറി ബഡ്‌ജറ്റിൽ അത് 14 ശതമാനമാക്കി. അതായത്, ആദായ നികുതി ബാധകമായ വരുമാനത്തിൽ കൂടുതൽ ഇളവ് നേടാം. ഉദാഹരണത്തിന് സെക്‌ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയാണ് ഇളവ്. അധികമായി 50,000 രൂപവരെ ഇനി നേടാം. മൊത്തം രണ്ടുലക്ഷം രൂപവരെ. കൈയിൽ കാശ് നിറയുമെന്ന് സാരം.

വീട്ടിലെ പെൺകരുത്ത്

അങ്കണവാടിയിൽ നിന്ന് ഇനി കൂടുതൽ മികച്ച പോഷകാഹാരങ്ങൾ നേടാം. ഇതിനായി മിഷൻ പോഷൺ 2.0, മിഷൻ വാത്സല്യ, മിഷൻ ശക്തി പദ്ധതികൾ. കുഞ്ഞിന് അങ്കണവാടിയിൽ ഇനി ഓഡിയോ, വീഡിയോ പഠനവും ലഭിക്കും.

മോൾക്ക് പഠിക്കാൻ ടിവി

സ്കൂളിൽ പോകുന്നതിനൊപ്പം ഒരു ക്ലാസ് ഒരു ചാനൽ പദ്ധതി. മാതൃഭാഷയിൽ പഠിക്കാൻ 200 ചാനലുകൾ. ലോകോത്തര പഠനം ഉറപ്പാക്കാൻ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി.

തുടങ്ങാം സ്‌റ്റാർട്ടപ്പ്

മകന് പുതിയൊരു സ്‌റ്റാർട്ടപ്പ് തുടങ്ങണം. മൂന്നുവർഷം വരെ നികുതി ഇൻസെന്റീവാണ് പുതിയ സ്‌റ്റാർട്ടപ്പുകൾക്ക് ബഡ്‌ജറ്റ് വാഗ്ദാനം. പുതിയ മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 15 ശതമാനമേയുള്ളൂ. 2024 മാർച്ചിനകം ഉത്പാദനം തുടങ്ങിയാൽ മതി.

വാങ്ങണം ഇ-വണ്ടി

ഇലക്‌ട്രിക് സ്കൂട്ടർ ഒരെണ്ണം വാങ്ങാം. ചാർജിംഗ് സൗകര്യം തേടി ബുദ്ധിമുട്ടേണ്ട. സ്ഥലത്തെ പ്രധാന കേന്ദ്രങ്ങളിൽ ഇനി ബാറ്ററി സ്വാപ്പിംഗ് സൗകര്യമുണ്ടാകും. ചാർജിംഗിനായി സമയം കളയേണ്ട. പെട്രോൾ, ഡീസൽ വിലവർദ്ധനയും ബാധിക്കില്ല.

5ജി ഫോൺ

ഭാര്യയ്ക്കൊരു ഫോൺ വാങ്ങണം. 4ജിയൊക്കെ മറന്നേക്കൂ. 5ജി സ്പെക്‌ട്രം ലേലം ഉടനുണ്ടാകും. പിന്നെ, അതിവേഗ ഇന്റർനെറ്റാണ് ലഭിക്കുക. ഫോണിനും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾക്കും വില കുറയാൻ പോകുന്നു.