
പ്രഥമ പ്രൈം വോളിബാൾ ലീഗിന് ശനിയാഴ്ച ഹൈദരാബാദിൽ തുടക്കം
കേരളത്തിൽ നിന്ന് രണ്ട് ടീമുകൾ ,കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും
ഹൈദരാബാദ്: ഇന്ത്യൻ വോളിബാളിന് പ്രൊഫഷണലിസത്തിന്റെ പുതിയ മുഖവുമായി ഇനി പ്രൈം വോളിബാൾ ലീഗിന്റെ ദിവസങ്ങൾ. ഹൈദരാബാദിൽ ശനിയാഴ്ച മുതലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഥമ പ്രൈം വോളി ലീഗിന് തുടക്കമാകുന്നത്. ഇതിൽ രണ്ട് ടീമുകൾ കേരളത്തിൽ നിന്നാണ്. മാത്രമല്ല മിക്ക ടീമുകളിലും അണിനിരക്കുന്നത് മലയാളികളുമാണ്.കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്,കാലിക്കറ്റ് ഹീറോസ് എന്നിവയാണ് കേരളത്തിൽ നിന്നുള്ള ടീമുകൾ.
ഐ.പി.എൽ പോലെ ടെലിവിഷൻ കാണികളെ ആകർഷിക്കുന്ന രീതിയിലാണ് പ്രൈം വോളിയും രൂപകൽപ്പന ചെയ്തിിക്കുന്നത്. 15 പോയിന്റ് വീതമുള്ള അഞ്ചുസെറ്റ് മത്സരങ്ങളാണ് ലീഗിലുള്ളത്. രാത്രി ഏഴുമുതൽ ഒൻപതുമണിവരെയാണ് മത്സരങ്ങൾ നടക്കുന്നത്.സോണി ടെൻ ചാനൽ നെറ്റ്‌വർക്കിൽ ലൈവായി കാണാം. 2019ൽ പ്രോ വോളി എന്ന പേരിൽ വോളിബാൾ ലീഗ് തുടങ്ങിയിരുന്നെങ്കിലും ഒരു സീസണോടെ അവസാനിച്ചിരുന്നു.തുടർന്നാണ് പ്രൈം വോളിയുടെ വരവ്.ആദ്യം കൊച്ചിയിൽ നടത്താനായിരുന്നു പദ്ധതിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിൽ 23 ദിവസങ്ങളിലായി 24 മത്സരങ്ങൾ അരങ്ങേറും. ടീമുകളെല്ലാം ഹൈദരാബാദിലെത്തി ബയോബബിളിൽ പ്രവേശിച്ചിരിക്കുകയാണ്.
കോഴിക്കോട് ദേവഗിരി കോളേജിലെ ക്യാമ്പിനു ശേഷമാണ് ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ ജെറോം വിനീതും അജിത് ലാലും അടങ്ങുന്ന കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിലെത്തിയത്. ഒളിമ്പിക് മെഡൽ ജേതാവായ അമേരിക്കയുടെ ഡേവിഡ് ലീയും ഫ്രാൻസിന്റെ ആരോൺ കൗബിയും ഹീറോസിന്റെ കരുത്ത് കൂട്ടുന്നു. മുൻ ഇന്ത്യൻതാരമായ കിഷോർകുമാറാണ് കോച്ച്.
തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടാഴ്ചയിലേറെ നീണ്ട ക്യാമ്പിനുശേഷമാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദിലെത്തിയത്. ഇന്ത്യൻ ഇന്റർനാഷണലുകളായ എ. കാർത്തികും ദീപേഷ് കുമാർ സിൻഹയുമടങ്ങുന്ന ടീമിന്റെ മുഖ്യപരിശീലകൻ എം.എച്ച്. കുമാരയാണ്. ഹരിലാൽ, ബോബി സേവ്യർ എന്നിവരാണ് സഹപരിശീലകർ. മുൻ ഇന്ത്യൻ താരം ടോം ജോസഫാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ടീമിന്റെ സഹപരിശീലകൻ.
അഞ്ചിന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സുമായാണ് ബ്ലൂ സ്‌പൈക്കേഴ്സിന്റെ ആദ്യ കളി. ഈമാസം 18-നാണ് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള മത്സരം.
7 ടീമുകൾ
കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്‌സ്