
ചന്ദ്രൻ ആകാശത്ത് പ്രകാശിച്ചു നിൽക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ കണ്ണിന് വിരുന്നൊരുക്കി കൊണ്ട് അപൂർവമായ മറ്റൊരു കാഴ്ച ചിലപ്പോൾ ആകാശത്ത് നമുക്ക് കാണാൻ കഴിയാറുണ്ട്; ഒരു ചന്ദ്രനും ഒന്നോ രണ്ടോ നക്ഷത്രങ്ങൾക്കും അപ്പുറം അനവധി നക്ഷത്രങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്ന അസുലഭ ദൃശ്യം. ആ കാഴ്ച കണ്ണിനും മനസ്സിനും അത്യാഹ്ലാദം പകരുന്ന അനുഭവമാണ്.
ശ്രീകണ്ഠൻ കരിക്കകത്തിന്റെ 'തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്" എന്ന കൃതി വായിച്ചപ്പോൾ,വായനയുടെ ആകാശത്ത് രചനയുടെ വ്യത്യസ്ത നക്ഷത്രങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന ഹൃദ്യമായ അനുഭവമാണ് ഉണ്ടായത്.
വ്യക്തി, കുടുംബം, ബന്ധങ്ങൾ, തൊഴിൽ കലസാഹിത്യം, സമൂഹം, നഗരം,നാട്ടിൻപുറം, ജീവിതശൈലി, സംസ്കാരം, സൗഹൃദം എന്നിങ്ങനെ സമസ്തമേഖലകളെയും സ്പർശിക്കുന്ന ജീവിതാനുഭവങ്ങളുടെനേർക്കാഴ്ചയാണ് ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ കൃതി. വളരെ വ്യത്യസ്തമായ വായനാസുഖമാണ് ഈ രചന പകർന്നു നൽകിയത്.
ദീർഘമായ കഥകളാക്കുവാൻ കഴിയുമായിരുന്ന എത്രയോ വിഷയങ്ങൾ.എന്നാൽ ഭാവനയുടെ പരിവേഷമോ ആഘോഷമോ ഇല്ലാതെ,നേർക്കാഴ്ചയുടെയുംനേരനുഭവത്തിന്റെയും  നിരീക്ഷണപടുതയുടെയും  നിഷ്കളങ്കതയുടെയും ഹൃദ്യതയാണ് ഈ കൃതിയിൽ നിന്ന് ലഭിക്കുന്ന വായനാനുഭവം. അത് അനുവാചക ഹൃദയങ്ങളിൽ സന്തുഷ്ടി പകരുന്നു. 
 
അവരെ ചിന്തിപ്പിക്കുന്നു.ഓർമ്മകളിലേയ്ക്കും,ഗൃഹാതുരത്വത്തിലേക്കും നയിക്കുന്നു. മനസിൽ ചെറിയ ചെറിയ നൊമ്പരങ്ങൾ പടർത്തുന്നു. അവ തങ്ങളുടെയും അനുഭവങ്ങളാക്കി രൂപാന്തരപ്പെടുത്തുന്നു. അത്തരമൊരു അനുഭവചിന്തകളുടെ സമാഹാരമാണിത്. അവ വായനക്കാരുടെ മനസിൽ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ മാത്രമല്ല, ദാർശനിക ചിന്തകളും സന്നിവേശിപ്പിക്കുന്നു. അച്ഛൻ പ്രണയകാലത്ത് അമ്മയ്ക്ക് നൽകിയ പ്രണയലേഖനങ്ങൾ, അമ്മയുടെ മരണശേഷം മകൻ കണ്ടെത്തുന്നതു മുതൽ ആരംഭിക്കുന്നു ഈ ജീവിതമെഴുത്ത്. തകഴി തുടങ്ങിയ മഹാരഥന്മാരുമായുള്ള ഇടപെടലുകൾ, ഒരു തലമുറയിലെ യുവാക്കളുടെ പ്രത്യേകിച്ച് സാഹിത്യത്തിൽ തല്പരരായിരുന്നവരുടെ ഹരമായിരുന്ന കൗമുദി ബാലയണ്ണൻ എന്ന കെ. ബാലകൃഷ്ണൻ, കെ.എസ്. വിശ്വംഭരദാസ് എന്നിങ്ങനെയുള്ള പഴയ തലമുറയിൽപ്പെട്ടവരെ കുറിച്ചുള്ള പരാമർശങ്ങൾ ഇവിടെ ചുരുങ്ങിയ വരികളിൽ കൂടി കഥാകാരനായ എഴുത്തുകാരൻ നടത്തുന്നു.ഒപ്പം അവയെല്ലാം ആഴമേറിയ നിരീക്ഷണങ്ങളുമാകുന്നു. പല കുറിപ്പുകൾക്കും കൊടുത്തിരിക്കുന്നപേരിലുമുണ്ട് അർത്ഥപൂർണത.
ജീവിതത്തിൽ പരിമിതമായ ആഗ്രഹങ്ങൾ മാത്രമുള്ള ഈ എഴുത്തുകാരന് വിമാനത്തിലും കപ്പലിലും കയറി യാത്ര ചെയ്യണം എന്നതാണ് മോഹം. മനസിൽ താൻ അറിയുന്ന കടലിനെയും ആകാശത്തേയും ഒന്നു തൊടണം. വാക്കായും വെളിച്ചമായും കരുത്തായും അന്നമായും ജീവിതം തരുന്ന അക്ഷരങ്ങൾ എന്ന മഹാസ്നേഹം അതിനുള്ള വാതിലുകൾ തുറന്നു തരും എന്ന് പ്രതീക്ഷിക്കുന്ന എഴുത്തുകാരന് അത് പിന്നീട് സാദ്ധ്യമാകുന്നുണ്ട്. (ശ്രീകണ്ഠൻ കരിക്കകത്തിന്റെ ഫോൺ നമ്പർ: 94463 93101)
ഉൗഞ്ഞാൽ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില: ₹ 160