
കണ്ണൂർ: റോഡരികിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫി മക്കാൻ ഹോട്ടൽ ഉടമ തായത്തെരു ലീഗ് ഓഫീസിന് സമീപം 'കലിമ'യിൽ ജസീറാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആയിക്കര മത്സ്യ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ ആദികടലായി സ്വദേശി റബിഹ് (24), സിറ്റി ഉരുവച്ചാൽ സ്വദേശി ഹനാൻ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം.
ഹോട്ടൽ അടച്ച് സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജസീർ. മാർക്കറ്റിന് സമീപത്ത് വച്ചിരുന്ന സുഹൃത്തിന്റെ ബൈക്ക് എടുക്കാനെത്തിയപ്പോൾ കാർ റോഡരിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികളുമായി വാക്കുതർക്കമുണ്ടായി. ഇത് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ പിടിച്ചു വയ്ക്കുകയും മറ്റൊരാൾ മൂർച്ചയുള്ള ആയുധം കൊണ്ട് ജസീറിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ കൈയിൽ ആയുധം കരുതിയിരുന്നതിനാൽ മറ്റെന്തെങ്കിലും വൈരാഗ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം കബറടക്കി. തായത്തെരുവിലെ പരേതനായ വാച്ച് മേക്കർ ഇ.എസ്. അബ്ദുൾ സത്താറിന്റെയും അഫ്‌സത്തിന്റെയും മകനാണ് ജസീർ. സയീദയാണ് ഭാര്യ. മക്കൾ: ഇസ, ഇഫ.