
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നതാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ ഏയിംസ് പരിഗണിക്കപ്പെട്ടില്ല. റെയിൽവേ സോൺ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സർക്കാർ പുറംതിരിഞ്ഞ് നിന്നു. കെ റെയിൽ പദ്ധതി സംബന്ധിച്ച പരാമർശങ്ങളും ഇല്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളോട് ഒന്നും തന്നെ അനുകൂലമായി പ്രതികരിക്കുന്നതിന് കേന്ദ്ര ബജറ്റ് തയ്യാറായിട്ടില്ലെന്ന് കോടിയേരി ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതിക്കും ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടിയും സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. ഈ വർഷം ചിലവഴിച്ച തുക പോലും ഇപ്പോഴത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചിട്ടില്ല. ജി.എസ്.ടി സമ്പ്രദായത്തിന്റെ ഭാഗമായുള്ള സംസ്ഥാനത്തിന്റെ നഷ്ടപരിഹാര വിഹിതം നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കൊവിഡ് കാലഘട്ടത്തിൽ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോൾ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത് ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തീർച്ചയായും തിരിച്ചടിയാകും.
സഹകരണ മേഖലയിലെ നികുതി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തേ നികുതിയില്ലാത്ത മേഖലയിൽ നികുതി ചുമത്തിയത് കേന്ദ്ര സർക്കാരായിരുന്നു. കോർപ്പറേറ്റുകളെയും സഹകരണ മേഖലയെയും ഒരുപോലെ ക്രമീകരണം നടത്തുക മാത്രമാണ് ഇവിടെ ചെയ്‌തിട്ടുള്ളത്. ഇത് ആശാസ്യമായ നടപടിയല്ലെന്ന് അഭിപ്രായപ്പെട്ട കോടിയേരി സംസ്ഥാനത്തിന്റെ വായ്‌പാ പരിധി അഞ്ച് ശതമാനമാക്കി നിലനിർത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പെട്രോളിയം ഉത്പന്നങ്ങൾക്ക് ഈ വർഷം ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ ലിറ്ററിന് 2 രൂപ കൂട്ടിയിട്ടുണ്ട്. ഈ നികുതി വർദ്ധന സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുമില്ല. ഭക്ഷ്യ സബ്സിഡിയിൽ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. വളം സബ്സിഡിയിൽ വരുത്തിയ 25 ശതമാനം കുറവും നമ്മുടെ കാർഷിക മേഖലയെ ബാധിക്കുന്നതാണ്. എൽ.ഐ.സി ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള സ്വകാര്യവത്ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ച കിഫ്ബി, കെ ഫോൺ പോലുള്ള പദ്ധതികളുടെ അനുകരണങ്ങൾ കേന്ദ്ര ബജറ്റിൽ കടന്നുകൂടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ എത്ര രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് നേരത്തേ കേന്ദ്രം നേരിട്ടത് എന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണിത്. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്നതാണ് കേന്ദ്ര ബജറ്റെന്ന് വ്യക്തമായെന്നും കോടിയേരി അഭിപ്രായപ്പെട്ടു.