
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ പുതിയ പുരപ്പുറ സോളാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് സുതാര്യവും സുഗമവുമായ സേവനം ഉറപ്പാക്കുന്നതിന് പുതിയ വെബ് പോർട്ടൽ തയ്യാറായി. ഈ മാസം 7ന് രാവിലെ പത്തിന് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും.
കെ.എസ്.ഇ.ബി.യുടെ ഒരുമ നെറ്റ് സോഫ്റ്റ് വെയറിനെയും ഇ-കിരൺ പോർട്ടലിനെയും സംയോജിപ്പിച്ച് തയ്യാറാക്കിയ പുതിയ വെബ് പോർട്ടലിൽ ഉപഭോക്താവിനും ഡെവലപ്പർക്കും കെ. എസ്. ഇ. ബിക്കും ഒരേ സമയം ട്രാക്കിംഗ്, ഡേറ്റ എൻട്രി സൗകര്യങ്ങൾ ലഭ്യമാവും.ഫോൺ നമ്പറോ,വൈദ്യുതി കൺസ്യൂമർ നമ്പറോ നൽകി ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാം.
പുരപ്പുറത്തെ ഷേഡ് ഫ്രീ ഏരിയാ നൽകി നിലയത്തിന്റെ ശേഷി നിശ്ചയിക്കാം. മേൽക്കൂരയുടെ നാലുദിശയിൽ നിന്നുമുള്ള ഫോട്ടോകൾ നല്കിയും കപ്പാസിറ്റി നിശ്ചയിക്കാനാകും. ഡെവലപ്പറെ തെരഞ്ഞെടുത്ത് എക്സ്.പ്രഷൻ ഓഫ് ഇന്ററസ്റ്റ് നൽകിയാൽ നിശ്ചിത ദിവസത്തിനുള്ളിൽ ഡെവലപ്പർ ഓർഡർ സ്വീകരിക്കണം. ആ വിവരം എസ്.എം.എസ്.ആയി ഉപഭോക്താവിന് ലഭിക്കും. ഓർഡർ സ്വീകരിച്ചില്ലെങ്കിൽ നിശ്ചിത ദിവസം കഴിയുമ്പോൾ ഉപഭോക്താവിന് മറ്റൊരു ഡെവലപ്പറെ തിരഞ്ഞെടുക്കാം.
ഒാർഡർ സ്വീകരിച്ചശേഷം
നടക്കുന്ന എൻജിനീയറിംഗ് ഡിസൈൻ,മെറ്റീരിയൽ പ്രൊക്യുർമെന്റ്,മെറ്റീരിയൽ സൈറ്റ് ഡെലിവറി,ഇൻസ്റ്റലേഷൻ,കമ്മിഷനിംഗ് തുടങ്ങിയ പ്രവൃത്തികൾ സംബന്ധിച്ച എല്ലാവിവരവും ഉപഭോക്താവിന് വെബ് പോർട്ടലിൽ നിന്നും ലഭിക്കും.