
ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. വി.ആർ.എസ് എടുക്കുന്നതിന് അനുമതി ലഭിച്ച കാര്യം ട്വീറ്റ് ചെയ്ത സിംഗ് തന്റെ അടുത്ത ലക്ഷ്യം രാഷ്ട്രീയ പ്രവേശനമാണെന്നും സൂചിപ്പിച്ചു.
ഇദ്ദേഹം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ വാനോളം പുകഴ്ത്തിയ സിംഗ് ഇവരോടൊപ്പം രാഷ്ട്രനിർമാണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായി ട്വിറ്ററിൽ കുറിച്ചു. രണ്ടാം യു.പി.എ സർക്കാരിനെ പ്രതിരോധത്തിലാക്കിയ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടർ അഴിമതി, 2 ജി സ്‌പെക്ട്രം തുടങ്ങിയ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് പൊലീസിന്റെ ഭാഗമായിരുന്ന കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ നീതി ഉറപ്പാക്കിയെന്നും ഇ.ഡിയിലുള്ളപ്പോൾ അഴിമതിക്കാരെ ജയിലിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എം.പി വിമർസനവുമായി രംഗത്തെത്തി. ഇ.ഡിയിൽ നിന്ന് വിരമിച്ച് ബി.ജെ.പിയിൽ ചേരുന്നത് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്നാണ് രാജേശ്വർ സിങ്ങിന്റെ പേരെടുത്ത് പറയാതെയുള്ള കാർത്തിയുടെ പരിഹാസം.