തിരുവനന്തപുരം: ഹരിതോർജ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ക്ലീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി ധാരണാപത്രം ഒപ്പിട്ടു.
ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ്സ് കൗൺസിൽ, ടാറ്റാ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ. സംരംഭകർക്ക് ലബോറട്ടറി മുതൽ വിപണി വരെയുള്ള സഹായം സെന്റർ നൽകും.
ഊർജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും ചേർന്നാണ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നത്. വൈദ്യുതി മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വിന്യസിക്കാനും ഇത് സഹായിക്കും. ഇത് നിലവിൽ വരുന്നതോടെ കൃഷിയിടങ്ങൾക്കും ചെറുകിട സംരംഭകർക്കും കുറഞ്ഞ വിലയിൽ ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ടാറ്റാപവർ കമ്പനി സി.ഇ.ഒ ഡോ.പ്രവീർ സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി ഡോ.ബി.അശോക്, കെ- ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ, കലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി.ഇ.ഒ ഡോ.ജി.ഗണേഷ് ദാസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി.അനിൽകുമാർ, ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് സോഷ്യൽ എന്റർപ്രണർഷിപ്പ് ഡയറക്ടർ ജേക്കബ് പൗലോസ് എന്നിവർ പങ്കെടുത്തു.