tax

കൊച്ചി: ദേശീയ പെൻഷൻ സ്കീമിലേക്ക് (എൻ.പി.എസ്) ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി സംസ്ഥാന സർക്കാർ അടയ്ക്കേണ്ട വിഹിതം 14 ശതമാനം വരെയാക്കിയ ബഡ്‌ജറ്റ് തീരുമാനം, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആദായ നികുതിയിൽ വലിയ ആശ്വാസം നൽകും.

നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 14 ശതമാനവും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പത്തു ശതമാനവുമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 10 ശതമാനമെന്നത് തുടരും.

എന്താണ് നേട്ടം?

ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി 14 ശതമാനം വരെ നികുതി ഇനിമുതൽ സംസ്ഥാന സർക്കാരിന് എൻ.പി.എസിലേക്ക് അടയ്ക്കാം. ജീവനക്കാരന്റെ ആദായ നികുതി ബാധകമായ ശമ്പളത്തിൽ വലിയ ഇളവിന് ഇതുവഴിയൊരുക്കും. ഉദാഹരണത്തിന്:

ഒരാളുടെ ശമ്പളം എട്ടുലക്ഷം രൂപയെന്നിരിക്കട്ടെ. അദ്ദേഹം ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതിയിളവ് നേടുന്നു. സെക്‌ഷൻ 80സി.സി.ഡി (1ബി) പ്രകാരം എൻ.പി.എസിലെ നിക്ഷേപത്തിന് 50,000 രൂപവരെ അധിക ഇളവും നേടാം. എന്നാൽ, തൊഴിൽദാതാവിന്റെ (സംസ്ഥാന സർക്കാർ) വിഹിതം 10 ശതമാനം വരെ ആയിരുന്നതിനാൽ 80സി.സി.ഡി (1ബി) പ്രകാരമുള്ള 50,000 രൂപവരെ ആനുകൂല്യം അദ്ദേഹത്തിന് കിട്ടുന്നില്ല.

വിഹിതം 14 ശതമാനമാക്കിയതോടെ പരമാവധി ഇളവായ 50,000 രൂപയും നേടാം. ഫലത്തിൽ സെക്‌ഷൻ 80സിയും 80സി.സി.ഡി (1ബി)യും ചേർത്ത് രണ്ടുലക്ഷം രൂപ ഇളവ് ലഭിക്കും. അതായത്, മൊത്തം വരുമാനത്തിൽ നിന്ന് രണ്ടുലക്ഷം രൂപ കിഴിച്ചുള്ള ബാക്കിത്തുകയ്ക്ക് നികുതി അടച്ചാൽ മതി. ഇത് നികുതിബാദ്ധ്യതയിൽ വലിയ കുറവ് നൽകും.

നിലവിലെ ആദായനികുതി സ്കീമിലും കേന്ദ്രം നടപ്പാക്കിയ പുതിയ ആദായ നികുതി സ്ളാബിലും ഈ ഇളവ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.