russia

മോസ്കോ : അഫ്ഗാനിലെ താലിബാൻ ഭരണത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി വെർഷ്‌നിൻ. തിങ്കളാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ത്യൻ വിദേശകാര്യമന്ത്രാലയ സെക്രട്ടറി ( വെസ്റ്റ് ) റീനത്ത് സന്ധുവുമായി ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതി വിഷയങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു. ഫെബ്രുവരി മുതൽ ഒരു മാസത്തേക്ക് യു.എൻ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം റഷ്യ ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ന്യൂഡൽഹി സന്ദർശനം.

' അഫ്ഗാനെ സംബന്ധിച്ച ഇന്ത്യയുടെയും റഷ്യയുടെയും നിലപാടുകളിൽ സാമ്യമുണ്ട് " വെർഷ്നിൻ പറഞ്ഞു. നിലവിലെ അഫ്ഗാൻ നേതൃത്വം അവർ ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ നിറവേറ്റുമെന്നാണ് പ്രതീക്ഷ. അഫ്ഗാൻ ജനതയ്ക്ക് മാനുഷികമായ സഹായങ്ങൾ നൽകണം. ഇന്ത്യയും റഷ്യയും അത് നൽകി വരുന്നു. പ്രധാനപ്പെട്ട അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ഏകോപനവും ആശയവിനിമയവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.