tamilnadu

ചെന്നൈ: പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ നഴ്സറിയും കിന്റർഗാർട്ടനും ഒഴികെയുള്ള സ്‌കൂളുകളും കോളേജുകളും തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഇന്നലെ ക്ലാസുകൾ ആരംഭിച്ചു. സാനിട്ടൈസറും മാസ്കും ധരിച്ച് വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചിൽ രണ്ട് വിദ്യാർത്ഥികൾക്കേ ഇരിക്കാനാവൂ. കൂടാതെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഇന്നലെ മുതൽ പിൻവലിച്ചു.

രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒത്തുചേരലിനുള്ള നിയന്ത്രണം തുടരും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് ഫെബ്രുവരി 19 ന് തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് സർക്കാർ അറിയിച്ചു.