
ചെന്നൈ: സംശയരോഗിയായ ഭർത്താവിന് മുന്നിൽ വിശ്വാസ്യത തെളിയിക്കാനായി പത്തുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. തമിഴ്നാട് തിരുവട്ടിയൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 75 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അമ്മ ജയലക്ഷ്മി (35), ഭർത്താവ് പദ്മനാഭൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് തവണ വിവാഹിതയായ ജയലക്ഷ്മിയുടെ രണ്ടാം വിവാഹത്തിലുള്ള മകൾ പവിത്രയാണ് (അഞ്ചാം ക്ളാസ്) കൊല്ലപ്പെട്ടത്.
ജയലക്ഷ്മിയുടെ മൂന്നാമത്തെ ഭർത്താവായ പദ്മനാഭൻ മദ്യപാനിയാണ്. ഭാര്യയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലി ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കാൻ പദ്മനാഭൻ ഭാര്യയെ വെല്ലുവിളിച്ചു. നിരപരാധിയാണെങ്കിൽ മകൾക്ക് പൊള്ളലേൽക്കില്ലെന്നും ഇയാൾ വാദിച്ചു. ഇതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ജയലക്ഷ്മി തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് തീയണച്ച് ആശുപത്രിയിലെത്തിച്ചത്.
തിരുവട്ടിയൂർ സ്വദേശിയായ ജയലക്ഷ്മി 19ാം വയസിൽ പാൽവണ്ണൻ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള മകൾ നിലവിൽ നഴ്സിംഗ് വിദ്യാർഥിനിയാണ്.
പിന്നീട് പാൽവണ്ണനുമായി വേർപിരിഞ്ഞ്, ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. വിവാഹ ശേഷം ഇരുവരും മുംബയിലേക്ക് താമസം മാറ്റിയെങ്കിലും ദുരൈരാജിനെ ഉപേക്ഷിച്ച് ജയലക്ഷ്മി നാട്ടിലേക്ക് തിരിച്ചെത്തി. ഒമ്പത് വർഷം മുമ്പാണ് ടാങ്കർ ലോറി ഡ്രൈവറായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് ആറും നാലും വയസുള്ള രണ്ട് കുട്ടികളുണ്ട്.