
ജനീവ : യുക്രെയിൻ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ ( യു.എൻ സെക്യൂരിറ്റി കൗൺസിൽ ) പരസ്പരം കൊമ്പുകോർത്ത് റഷ്യയും യു.എസും. യുക്രെയിൻ അതിർത്തിയ്ക്ക് സമീപം റഷ്യ ഒരു ലക്ഷം സൈനികരെ വിന്യസിച്ചെന്ന യു.എസ് പ്രസ്താവനയാണ് റഷ്യയെ പ്രകോപിപ്പിച്ചത്.
യു.എസിന്റെ ആരോപണം തള്ളിയ റഷ്യ, യുക്രെയിൻ അതിർത്തിയിൽ തങ്ങൾ ഒരു ലക്ഷം സൈനികരെ വിന്യസിച്ചെന്ന വാർത്ത സത്യമാണെന്നതിനുള്ള തെളിവുകൾ നിരത്താൻ യു.എസിനോട് ആവശ്യപ്പെട്ടു.
റഷ്യയ്ക്ക് വേണ്ടി യു.എൻ പ്രതിനിധി വാസിലി നെബെൻസിയയും യു.എസിനായി യു.എൻ പ്രതിനിധി ലിൻ തോമസ് ഗ്രീൻഫീൽഫുമാണ് സംസാരിച്ചത്.എന്ത് അടിസ്ഥാനത്തിലാണ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇത്തരം അവകാശവാദങ്ങൾ ഉയരുന്നതെന്നും റഷ്യ ചോദിച്ചു.
എന്നാൽ, ദശാബ്ദങ്ങൾക്കിടെ യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണ് റഷ്യ നടത്തുന്നതെന്നും യു.എൻ സുരക്ഷാ സമിതിയിൽ സംസാരിക്കുന്ന അവസരത്തിൽ പോലും അങ്ങ് യുക്രെയിൻ അതിർത്തിയിൽ കൂടുതൽ ആയുധങ്ങളും സൈനികരെയും അവർ വിന്യസിച്ചിരിക്കുമെന്നും യു.എസ് ആരോപിച്ചു.
യുക്രെയിൻ വിഷയം ചർച്ച ചെയ്യാനുള്ള യോഗത്തിന് മുന്നോടിയായി യു.എൻ സുരക്ഷാ സമിതിയിൽ നടന്ന വോട്ടെടുപ്പിൽ റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്തിരുന്നു. ഇന്ത്യ, ഗാബോൺ, കെനിയ എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ ഫ്രാൻസ്, യു.എസ്, യു.കെ തുടങ്ങിയ മറ്റെല്ലാ അംഗങ്ങളും യോഗത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. യോഗം മുന്നോട്ട് പോകാൻ 15 അംഗ സമിതിയിലെ 9 വോട്ടുകളാണ് വേണ്ടിയിരുന്നത്. യുക്രെയിൻ വിഷയത്തിൽ സംഘർഷങ്ങൾ ഒഴിവാക്കേണ്ടതാണെന്നും നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രം ആവശ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.
യു.എസ് പരിഭ്രാന്തി സൃഷ്ടിക്കുന്നു
യുക്രെയിൻ വിഷയത്തിൽ യു.എസ് അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. യുക്രെയിനെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാത നേരിടേണ്ടി വരുമെന്ന് സുരക്ഷാ സമിതിയിൽ യു.എസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യ യുക്രെയിനെ ആക്രമിക്കാൻ പോകുന്നെന്ന പ്രതീതിയാണ് യു.എസ് സൃഷ്ടിക്കുന്നതെന്ന് റഷ്യൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. അമേരിക്കൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ കാര്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഇത് യുക്രെയിൻ ജനതയെ ഭീതിയിലാഴ്ത്തുന്നതായും പെസ്കോവ് ചൂണ്ടിക്കാട്ടി.
യുക്രെയിനിൽ വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയിനിന്റെ ഡിജിറ്റൽ പ്രതിരോധത്തിന് പിന്തുണയേകാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ഈ ആഴ്ച യൂറോപ്യൻ സഖ്യകക്ഷികളുമായി വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ചർച്ച നടത്തും. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയാണെന്നാണ് വ്യാപക ആരോപണം. അടുത്തിടെ നടന്ന ആക്രമണത്തിൽ യുക്രെയിനിയൻ സർക്കാർ വെബ്സൈറ്റുകളെല്ലാം തകരാറിലായിരുന്നു.