mp-ahammed

കോഴിക്കോട്: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യം മറികടക്കാൻ മൂലധനച്ചെലവ് 35.4 ശതമാനം വർദ്ധിപ്പിക്കാനുള്ള ബഡ്‌ജറ്റ് നിർദേശം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സാമ്പത്തികരംഗം കൂടുതൽ ചലനാത്മകമാക്കാൻ ഇതു സഹായിക്കും.

പശ്ചാത്തലസൗകര്യ വികസനത്തിന് ഊന്നലുണ്ടെന്നതും സ്വാഗതാർഹമാണ്. സ്വർണമേഖല വലിയ പ്രതീക്ഷകളോടെയാണ് ബഡ്‌ജറ്റിനെ കണ്ടിരുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ധനമന്ത്രി അത് പരിഗണിച്ചില്ലെന്നത് നിരാശാജനകമാണ്.

കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടിന്റെ ഇറക്കുമതി തീരുവ കുറച്ചതിനെ സ്വാഗതം ചെയ്യുന്നു. ബഡ്‌ജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി മറുപടി പറയുമ്പോൾ സ്വർണത്തിന്റെ തീരുവയും നാലു ശതമാനമായി കുറയ്ക്കണം. കള്ളക്കടത്ത് തടയാൻ നികുതി കുറയേണ്ടത് അനിവാര്യമാണ്. സ്വർണ വ്യാപാര മേഖലയിലെ അനധികൃത കച്ചവടം നിയന്ത്രിക്കാനും നികുതിഘടനയിൽ മാറ്റം ആവശ്യമാണ്.

ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ 75 ജില്ലകളിൽ തുടങ്ങുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷകളുണർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ബഡ്‌ജറ്റ്:

യൂസഫലി

രാജ്യത്തിന്റെ പ്രധാനസ്തംഭങ്ങളായ കൃഷി, ഗ്രാമീണവികസനം, അടിസ്ഥാനസൗകര്യ മേഖല എന്നിവയ്ക്ക് കരുത്തേകുന്ന ശക്തമായ ബഡ്‌ജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നലുള്ളത് സുതാര്യത ഉറപ്പാക്കും.

ഡിജിറ്റൽ രൂപ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയവ ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടും. പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നതും ആശ്വാസമാണ്. നാലു ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം ഭക്ഷ്യവിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ രൂപരേഖ:

കെ. പോൾ തോമസ്

എല്ലാ സുപ്രധാന മേഖലകളെയും സ്പർശിക്കുന്ന ബഡ്ജറ്റ് രാജ്യത്തിന്റെ അടുത്ത 25 വർഷത്തേക്കുള്ള രൂപരേഖയാണ്. എഡ്യുക്കേഷൻ ടെക്‌നോളജി, ഫിൻടെക്, നൈപുണ്യ വികസന പദ്ധതികൾക്കൊപ്പം ഡിജിറ്റൽ സമ്പദ്ഘടനയ്ക്ക് ഊന്നലുള്ള ബഡ്ജറ്റ് വരും വർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ സുസ്ഥിര വികസനഗതിയെ നിർണയിക്കും.

വികസനോന്മുഖം:

ജോർജ് അലക്സാണ്ടർ മുത്തൂറ്റ്

വളർച്ചയും തൊഴിലവസരങ്ങളുടെ വർദ്ധനയും ഉറപ്പാക്കുന്ന വികസനോന്മുഖ ബഡ്ജറ്റാണിത്. ഇ.സി.എൽ.ജി.എസ് പദ്ധതി നീട്ടാനും അഞ്ചുലക്ഷം കോടി രൂപവരെയായി തുക ഉയർത്താനുമുള്ള പ്രഖ്യാപനം സംരംഭകർക്ക് നേട്ടമാകും.

ലക്ഷ്യം സമഗ്ര വളർച്ച:

അദീപ് അഹമ്മദ്

സമഗ്രവളർച്ച, തൊഴിലവസരങ്ങൾ, എം.എസ്.എം.ഇകളുടെ നേട്ടം എന്നിവ ഉന്നമിടുന്നതാണ് ബഡ്‌ജറ്റ്. ഇടപാടുകളുടെ ചെലവ് കുറയ്ക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കറൻസി മാനേജ്‌മെന്റ് എളുപ്പമാക്കാനും ഡിജിറ്റൽ റുപ്പി സഹായിക്കും. ട്രാവൽ, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ ബഡ്‌ജറ്റ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നത് പോരായ്മയാണ്.

ബഡ്‌ജറ്റ് നിരാശാജനകം:

എ.കെ.ജി.എസ്.എം.എ

ഒട്ടേറെ ആവശ്യങ്ങൾ മുന്നോട്ടുവച്ച സ്വർണ വ്യാപാരമേഖലയെ ബഡ്‌ജറ്റിൽ പരിഗണിക്കാതിരുന്നത് നിരാശാജനകമാണ്. രാജ്യത്തിന്റെ ജി.ഡി.പിയിൽ ഏഴു ശതമാനം പങ്കുവഹിക്കുന്ന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്ല. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് സ്വർണക്കള്ളക്കടത്ത് തടയാനുള്ള നടപടിയുമില്ല.