
തേവലക്കര: വീടിന്റെ മതിൽചാടി രാത്രിയിലെത്തിയ എട്ടംഗസംഘം നടത്തിയ ആക്രമണത്തിൽ പോർച്ചിൽ കിടന്ന കാറ് തകർന്നു. വീടിന്റെ ജനാലകളും സംഘം അടിച്ചു തകർത്തു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
പത്രം ഏജന്റ്, തേവലക്കര ചേനങ്കര ജംഗ്ഷനു സമീപം ആര്യ ഭവനത്തിൽ വിജയൻ പിള്ളയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി 11.30ന് ആണ് കുറുവടിയും കമ്പിപ്പാരയും മറ്റു മാരകയുധങ്ങളുമായി ഒരു സംഘമെത്തി അക്രമം കാട്ടിയത്. ആൾട്ടോ കാറാണ് തകർത്തത്.
വിജയൻ പിള്ള പക്ഷാഘാതം വന്നു കിടപ്പായതിനാൽ മകൻ ആദർശാണ് ഇപ്പോൾ പത്രവിതരണം നടത്തുന്നത്. കഴിഞ്ഞ ദിവസം അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആദർശും മറ്റു ചില യുവാക്കളുമായുണ്ടായ വാക്കുതർക്കമാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. വിജയൻ പിള്ളയുടെ ഭാര്യ നൽകിയ പരാതിയിൽ തെക്കുംഭാഗം പൊലീസ് കേസെടുത്തു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചു