
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയെന്ന് ആരോപിക്കപ്പെടുന്ന 17കാരൻ മിറാം തരോണിന് മർദ്ദനമേറ്റെന്ന് വെളിപ്പെടുത്തി പിതാവ് ഒപാങ് തരോൺ. ചൈനീസ് സൈനികർ മിറാമിനെ ചവിട്ടുകയും ശരീരത്തിൽ ഇലക്ട്രിക് ഷോക്ക് നൽകിയെന്നും പിതാവ് പറഞ്ഞു.
കസ്റ്റഡിയിലായിരുന്നപ്പോൾ കണ്ണ് മൂടിക്കെട്ടി, കൈകൾ ബന്ധിച്ചിരുന്നു. ഭക്ഷണ സമയത്തും ഇന്ത്യൻ സേനയ്ക്ക് കൈമാറുന്നതിനും തൊട്ടു മുമ്പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ചത്. എന്നാൽ മകനെ അവർ ഒരിക്കലും പട്ടിണിക്കിട്ടില്ലെന്നും ആവശ്യത്തിന് ഭക്ഷണം നല്കിയെന്നും ഒപാങ് പറഞ്ഞു.
ജനുവരി 18ന് ലാജോർ മേഖലയിൽ വച്ചാണ് മിറാമിനെ ചൈനീസ് സൈന്യം പിടികൂടിയത്. ഇരു രാജ്യങ്ങളിലെയും സൈനിക, സർക്കാർ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷം 27ന് ചൈനീസ് സൈന്യം മിറാമിനെ ഇന്ത്യയ്ക്ക് കൈമാറി. അതേ സമയം മിറാമിനെ തട്ടിക്കൊണ്ടു പോയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിർത്തി പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തതാണെന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി വക്താവ് അറിയിച്ചു.