
ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അഖിലേഷ് യാദവിനെതിരെ ബി.ജെ.പിയുടെ കേന്ദ്ര നിയമസഹമന്ത്രി എസ്.പി.സിംഗ് ഭാഗേൽ മത്സരിക്കും. പാർട്ടിയുടെ ശക്തികേന്ദ്രമായ കർഹാലിൽ ആണ് അഖിലേഷ് മത്സരിക്കുന്നത്. അഖിലേഷും ഭാഗേലും ഇവിടെ പത്രിക സമർപ്പിച്ചു
മുലായം സിംഗ് യാദവിന്റെ ജന്മസ്ഥലമായ സെയ്ഫായുടെ സമീപമായ കർഹാൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലാണ്. 1993 മുതൽ ഒരു തവണയൊഴിച്ച് എന്നും എസ്.പിയെ മാത്രം വിജയിപ്പിച്ചതാണ് ഈ മണ്ഡലം. മുലായത്തിന്റെ ബന്ധുവായ ശോഭരൻ സിംഗാണ് 3 തവണയായി ഇവിടെ ജയിച്ചിരുന്നത്. ശോഭരൻ സിംഗ് 2002ൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോൾ മാത്രമാണ് എസ്.പി ഇവിടെ പരാജയപ്പെട്ടത്.
അഖിലേഷിന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണിത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകുമ്പോൾ വിധാൻ പരിഷത്ത് വഴിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഭാഗേൽ നേരത്തേ യു.പിയിൽ കാബിനറ്റ് മന്ത്രിയായിരുന്നു. ഈ മാസം 20നാണ് ഇവിടെ വോട്ടെടുപ്പ്.