un
യു.എൻ സുരക്ഷാ സമിതി

ജനീവ : യുക്രെയിൻ വിഷയം ചർച്ച ചെയ്യാനുള്ള യോഗത്തിന് മുന്നോടിയായി യു.എൻ സുരക്ഷാ സമിതിയിൽ ( യു.എൻ സെക്യൂരിറ്റി കൗൺസിൽ ) നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എസിന്റെ അഭ്യർത്ഥന പ്രകാരം നടന്ന യോഗത്തിന് മുന്നേ വോട്ട് നടത്താൻ റഷ്യയാണ് ആവശ്യപ്പെട്ടത്. യോഗം മുന്നോട്ട് പോകാൻ 15 അംഗ സമിതിയിലെ 9 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഇന്ത്യയ്ക്ക് പുറമേ ഗാബോൺ, കെനിയ എന്നിവരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫ്രാൻസ്, യു.എസ്, യു.കെ തുടങ്ങിയ മറ്റെല്ലാ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്തു.

സംഘർഷങ്ങൾ ഒഴിവാക്കേണ്ടതാണെന്നും നിശ്ശബ്ദവും ക്രിയാത്മകവുമായ നയതന്ത്രം ആവശ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. റഷ്യയും യു.എസും തമ്മിൽ നടക്കുന്ന ചർച്ചകൾ ഉൾപ്പെടെ യുക്രെയിനുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും സ്ഥിതിഗതികൾ സമാധാനമായി പരിഹരിക്കണമെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

കീവിലെ ഇന്ത്യൻ എംബസി യുക്രെയിനിലെ പ്രാദേശിക സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യുക്രെയിൻ വിഷയത്തിൽ റഷ്യ - യു.എസ് ഉന്നതതല ചർച്ചകളിലെയും നോർമാന്റി ഫോർമാറ്റ് യോഗങ്ങളിലെയും വികസനങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയും വ്യക്തമാക്കി.

അതേസമയം, യുക്രെയിൻ വിഷയത്തിൽ യു.എൻ സുരക്ഷാ സമിതി യോഗത്തിൽ യുക്രെയിൻ അതിർത്തിയ്ക്ക് സമീപം തങ്ങൾ ഒരു ലക്ഷം സൈനികരെ വിന്യസിച്ചെന്ന യു.എസ് ആരോപണം റഷ്യ തള്ളി. യുക്രെയിൻ വിഷയത്തിൽ യു.എസ് അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.