
ആലപ്പുഴ: കാക്കകളുടെ അപ്രതീക്ഷിത ആക്രമണത്തിൽ നശിച്ചത് 2000 കിലോ തണ്ണിമത്തനും കർഷകന്റെ പ്രതീക്ഷകളും. മുഹമ്മ കായിപ്പുറം വെട്ടുകാട് പുരയിടത്തിലാണ് നാല് ദിവസം കൊണ്ട് ആയിരത്തിലധികം കായ്കൾ കാക്കകൾ കൊത്തി നശിപ്പിച്ചതെന്ന് കർഷകൻ വി.പി.സുനിൽ പറഞ്ഞു.
സാധാരണയായി പാടത്ത് കൃഷി ചെയ്യാറുള്ള സുനിൽ, വേഗം വിളവ് ലഭിക്കുന്നതിനാണ് ഇത്തവണ പറമ്പിലേക്ക് കൃഷി മാറ്റി നട്ടത്. ഒരേക്കർ പറമ്പിൽ വരമ്പുകൾ തീർത്താണ് തണ്ണിമത്തൻ നട്ടിരുന്നത്. ആദ്യ ദിവസം ഒരു വരമ്പിലെ എഴുപതോളം കായകൾ കൊത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ പടക്കം പൊട്ടിച്ചും കണ്ണാടി സ്ഥാപിച്ചും കല്ലെറിഞ്ഞും പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർച്ചയായ നാല് ദിവസങ്ങളിൽ രണ്ടായിരം കിലോ വിളഞ്ഞ തണ്ണിമത്തനുകൾ ഉപയോഗശൂന്യമായി. സ്ഥിതി വഷളാകുന്നത് മനസിലാക്കിയ സുനിൽ വിളവ് പാകമായവ എല്ലാം പറിച്ചെടുത്തു. എറണാകുളം മുതൽ കായംകുളം വരെയുള്ള കച്ചവടക്കാർ നേരിട്ടെത്തി മത്തൻ വാങ്ങുന്നുണ്ട്. കിലോയ്ക്ക് 40 രൂപ പ്രകാരമാണ് വിൽപ്പന. വർഷങ്ങളായി കാർഷിക രംഗത്തുള്ള സുനിലിന് കാക്കകളിൽ നിന്ന് ഇത്തരം ആക്രമണമുണ്ടാകുന്നത് ആദ്യ അനുഭവമാണ്. നൂറ് ശതമാനം ജൈവമായതിനാൽ ഇവിടെ വിളഞ്ഞ തണ്ണിമത്തന് ലഭിക്കുന്നത് വലിയ ഡിമാൻഡാണ്.
'വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത്തരം അനുഭവം. രണ്ടായിരം കിലോയിലധികം കായ്കളാണ് കാക്കയെ പേടിച്ച് ഒറ്റയടിക്ക് പറിക്കേണ്ടി വന്നത്. വിളവെടുത്തവയ്ക്ക് ആവശ്യക്കാരുള്ളതിനാൽ സമാധാനമുണ്ട്' -വി.പി.സുനിൽ, കർഷകൻ