
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് കൽക്കരി ഖനികളിൽ അനധികൃത ഖനനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ 4 മരണം. തകർന്നു വീണ ഖനികളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
നിർസ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ ഗോപിനാഥ്പൂർ ഓപ്പൺ കാസ്റ്റ് പ്രൊജക്ടിൽ നിന്ന് മൂന്ന് സ്ത്രീകളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ധൻബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രേം കുമാർ തിവാരി പറഞ്ഞു. ഇ.സി.എല്ലിന്റെ കപസാര, ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിന്റെ ചാച്ച് വിക്ടോറിയ എന്നിവ തിങ്കളാഴ്ച അർദ്ധരാത്രിയോടെയും,ഗോപിനാഥ്പൂർ ഓപ്പൺ കാസ്റ്റ് ഖനി ഇന്നലെ രാവിലെയുമാണ് തകർന്നത്. മൂന്ന് ഖനികളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം ചാച്ച് വിക്ടോറിയ ഖനിയിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കൽക്കരി കമ്പനികൾക്ക് മാത്രമേ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം അറിയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് നടപടി ഭയന്ന് അനധികൃത ഖനന തൊഴിലാളികളുടെ കുടുംബങ്ങൾ അധികാരികളെ അറിയിക്കാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. ഖനികളുടെ പ്രവേശന കവാടത്തിൽ നിരവധി ചെരിപ്പുകൾ കണ്ടെത്തിയിട്ടുള്ളതിനാൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.