
 വീടിന് ചുറ്റും സി.സി ടി.വി കാമറകൾ
പുനലൂർ: പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ വീടിന് ചുറ്റും സി.സി ടി.വി കാമറകൾ സ്ഥാപിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ അര കിലോ കഞ്ചാവുമായി ഗൃഹനാഥനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടമൺ അണ്ടൂർപച്ച അശ്വതിഭവനിൽ അശോകനാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് കഞ്ചാവ് സൂക്ഷിച്ചിരുന്ന മൂന്ന് പ്ലാസ്റ്റിക് ടിന്നുകൾ പിടിച്ചെടുത്തു. സി.ഐ വിനോദ്, എസ്.ഐ സുബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് കഞ്ചാവ് കണ്ടെത്തിയത്. ഇടപാടുകാരെന്ന നിലയിലെത്തിയാണ് പ്രതിയെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.