farmers-protest

ന്യൂഡൽഹി: കർഷകർക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആയിരക്കണക്കിനാളുകൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധ റാലി നടത്തി.

തുടർന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രം പിന്നോട്ട് പോയാൽ കർഷകർ സമരം പുനരാരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച മുന്നറിയിപ്പ് നല്കി.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടത്തിയ സമരം പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ ഡിസംബർ ഒമ്പതിന് കൈമാറിയ കത്തിലെ വാഗ്ദാനങ്ങളിൽ നിന്ന് പിൻവാങ്ങിയെന്നാരോപിച്ചാണിത്. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യത്തുടനീളം കർഷകർ വഞ്ചനാദിനം ആചരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധ മാർച്ചുകൾ നടത്തി. കർണാലിൽ നൂറുകണക്കിന് കർഷകർ ജാട്ട് ഭവനിൽ ഒത്തു ചേർന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ കമ്മിറ്റി രൂപീകരിക്കും, കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയിരുന്നത്. എന്നാൽ ഇതിൽ ഒന്നു പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ രാഷ്ട്രപതിക്ക് നിവേദനം നൽകി.

കളക്ടർമാരടക്കമുള്ള ജില്ലാ അധികൃതർ മുഖേനയാണ് നിവേദനം നൽകിയത്. രാഷ്ട്രത്തലവൻ എന്ന നിലയിൽ രാജ്യത്തെ കർഷകരുടെ താൽപര്യം സംരക്ഷിക്കേണ്ടത് രാഷ്ട്രപതിയുടെ ഭരണഘടനാപരമായ ബാദ്ധ്യതയാണ്. കേന്ദ്രസർക്കാരിനെ രാഷ്ട്രപതി താക്കീത് ചെയ്യണം. കർഷകരെ വഞ്ചിച്ചാൽ രാജ്യത്തിന് ദോഷമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ 'മിഷൻ ഉത്തർപ്രദേശ്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ദേശീയ പണിമുടക്ക് മാർച്ച് 28,29 തിയതികളിലേക്ക് മാറ്റിയ കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നിലപാടിന് കർഷകർ പിന്തുണ പ്രഖ്യാപിച്ചു.