
ആലുവ: കീഴ്മാട് വെള്ളൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് നാലാംവട്ടവും ഭണ്ഡാരം മോഷണം നടത്തിയ പ്രതിയെ സി.സി ടിവി ദൃശ്യത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
പ്രതിയെ വീഡിയ ദൃശ്യത്തിൽനിന്ന് തിരിച്ചറിഞ്ഞ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ദൃശ്യം സഹിതം എടത്തല പൊലീസിനെ സമീപിച്ചെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ലെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ. രതീഷ് പറഞ്ഞു. കുടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണിത്. കഴിഞ്ഞ മകരചൊവ്വ മഹോത്സവത്തിന് തൊട്ടടുത്ത ദിവസവും വിദ്യാരംഭത്തിന് തൊട്ടുപിന്നാലെയും ഇവിടെ കവർച്ച നടന്നിരുന്നു. മകരചൊവ്വ മഹോത്സവത്തിന് മുമ്പായി കാമറ സ്ഥാപിച്ചെങ്കിലും അന്ന് കവർച്ച നടത്തിയപ്പോൾ പ്രതിയുടെ ചിത്രം കാമറയിൽ പതിഞ്ഞിരുന്നില്ല. എന്നാൽ ശനിയാഴ്ച പുലർച്ചെ നടന്ന കവർച്ചയുടെ ചിത്രം വ്യക്തമായുണ്ട്.
തലയിൽ തോർത്ത് കെട്ടി മാസ്ക് ധരിച്ചാണ് പ്രതി വന്നിട്ടുള്ളത്. ബർമുഡയും ധരിച്ചിട്ടുണ്ട്. ഭണ്ഡാരം ഇളക്കിയെടുത്ത പ്രതി നിലത്തുരുട്ടി ഗേറ്റുവരെ എത്തിച്ചശേഷം ചുമന്നുകൊണ്ട് റോഡിലൂടെ പോകുന്നത് വ്യക്തമായി കാമറയിലുണ്ട്. പരിസരത്തെ ഒരു വില്ലയുടെ പിൻവശത്തെ പറമ്പിൽനിന്ന് കാലിയായ ഭണ്ഡാരം നാട്ടുകാർ കണ്ടെത്തിയിരുന്നു. രണ്ടുവട്ടം കവർച്ച നടന്നതിനെത്തുടർന്ന് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രകമ്മിറ്റി കാമറ സ്ഥാപിച്ചത്.