
കൊച്ചി: ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമ്മല സീതാരാമൻ തന്റെ നാലാമത്തെ ബഡ്ജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്; 90 മിനുട്ട് നീണ്ട പ്രസംഗം നിർമ്മലയുടെ ഏറ്റവും കുഞ്ഞൻ ബഡ്‌ജറ്റുമായി. രാവിലെ 11ന് തുടങ്ങിയ പ്രസംഗം അവസാനിച്ചത് 12.30ന്.
2021-22ലേക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ നിർമ്മല അവതരിപ്പിച്ച ബഡ്‌ജറ്റ് 162 മിനുട്ട് നീണ്ടിരുന്നു; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഡ്‌ജറ്റ് പ്രസംഗമായിരുന്നു അത്. 2019 ജൂലായിൽ നിർമ്മല തന്റെ ആദ്യ ബഡ്‌ജറ്റ് പ്രസംഗത്തിനെടുത്ത രണ്ടു മണിക്കൂർ 17 മിനുട്ടിന്റെ റെക്കാഡാണ് പഴങ്കഥയായത്.
ഡിജിറ്റൽ ബഡ്ജറ്റ്
പതിവ് ബഡ്‌ജറ്റ് പെട്ടിക്ക് പകരം 'ബാഹി-ഘട്ട" എന്ന ചുവന്ന തുണിസഞ്ചി അവതരിപ്പിച്ചത് നിർമ്മലയാണ്. സഞ്ചിയ്ക്കുപുറത്ത് അശോകസ്തംഭവും ഇടംപിടിച്ചിരുന്നു. എന്നാൽ, ഇന്നലെ അശോകസ്തംഭം പതിച്ച ചുവന്ന കവറോട് കൂടിയ ടാബാണ് ധനമന്ത്രി ഉപയോഗിച്ചത്.
മൻമോഹന്റെ വാക്ക്
ബഡ്‌ജറ്റിൽ ഏറ്റവുമധികം വാക്കുകൾ ഉപയോഗിച്ചത് 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കേ ഡോ.മൻമോഹൻ സിംഗാണ്; 18,650 വാക്കുകൾ.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ ബഡ്‌ജറ്റിൽ 800 വാക്കുകളേയുള്ളൂ. 1977ൽ ധനമന്ത്രി ഹീരുഭായ് മുൾജിഭായിക്കാണ് ആ റെക്കാഡ്.