
ലണ്ടൻ : ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടി നടത്തിയതിന് പാർലമെന്റിൽ വച്ച് മാപ്പുപറഞ്ഞതിന് പിന്നാലെ തന്റെ ടീമിൽ മാത്രമല്ല, പാർട്ടിയുമായി ഇടപഴകുന്ന രീതിയിലും മാറ്റം വരുത്തുമെന്ന് ഉറപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ അന്വേഷണം പൂർത്തിയായാലുടൻ ഡൗണിംഗ് സ്ട്രീറ്റ് ലോക്ക്‌ഡൗൺ പാർട്ടികളെ സംബന്ധിച്ച് മുതിർന്ന സിവിൽ ഉദ്യോഗസ്ഥയായ സ്യൂ ഗ്രേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പൂർണമായും സർക്കാർ പ്രസിദ്ധപ്പെടുത്തുമെന്നും ബോറിസ് പറഞ്ഞു.
സ്യൂ ഗ്രേ നടത്തിയ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിൽ ലോക്ക്ഡൗൺ സമയത്ത് ബോറിസ് 12 പാർട്ടികൾ ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. ബോറിസിനും ഓഫീസിനും ഗുരുതരമായ തെറ്റുപറ്റിയെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ചെയ്യാൻ പാടില്ലാത്തത് ചെയ്തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും താൻ എല്ലാം ശരിയാക്കുമെന്നും ബോറിസ് പറഞ്ഞിരുന്നു. ബോറിസ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ എം.പിമാർ ശക്തമായി ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണം. രാജിവയ്ക്കില്ലെന്ന് നിലപാടിലാണ് ബോറിസ്.
അതേ സമയം, യുക്രെയിൻ സന്ദർശനത്തിനായി ബോറിസ് ജോൺസൺ ഇന്നലെ കീവിലെത്തി എത്തി. യുക്രെയിനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി അദ്ദേഹം ഇന്നലെ ചർച്ച നടത്തി. റഷ്യയുമായുള്ള സംഘർഷമാണ് ചർച്ചയിലെ പ്രധാന വിഷയമെന്നായിരുന്നു വിവരം.