
ആലുവ: ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ നടൻ ദിലീപ് ആലുവ കോടതിയിലെത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്.ഫോണുകളുടെ പാസ് വേർഡ് പ്രതികൾ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം. ഫോണുകൾ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാം. പ്രതികൾ ഹൈക്കോടതിക്ക് കൈമാറിയതിൽ അഞ്ച് ഫോണുകൾ അന്വേഷണസംഘം തിരിച്ചറിഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മറ്റെന്നാളത്തേയ്ക്ക് മാറ്റി. മറ്റെന്നാൾ ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകൾ ഡിജിപിയ്ക്ക് നൽകുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഫോണുകൾ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകൾ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഈ നിർദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേൺ കോടതിക്ക് നൽകാമെന്നും ദിലീപ് അറിയിച്ചു. ഇതേത്തുടർന്ന് രജിസ്ട്രാർ ജനറൽ ഇന്നുതന്നെ ഫോണുകൾ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. അന്വേഷണ സംഘം ഫോണുകൾ ആലുവ കോടതിയിൽ നിന്ന് കൈപ്പറ്റണം. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണോ എന്നത് ആലുവ മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന പരാതി ഉയരുന്നതായി കോടതി പറഞ്ഞു. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികൾ എത്താമെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന് വീണ്ടും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നടനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.