
ലഖ്നൗ: ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിൽ വെച്ച് മുൻ ജെ.എൻ.യു വിദ്യാർത്ഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷിയേറ്.എന്നാൽ കനയ്യകുമാറിന് നേരെയുണ്ടായത് ആസിഡ് ആക്രമണമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കനയ്യ കുമാറിന് നേരെ ആസിഡ് എറിയാനുള്ള അക്രമികൾ ശ്രമം പരാജയപ്പെട്ടു. എന്നാൽ അതിന്റെ കുറച്ച് തുള്ളികൾ സമീപത്ത് നിന്ന യുവാക്കളുടെ മേൽ വീണതായി നേതാക്കൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാർ ലഖ്നൗവിലെത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുകയാണ് കനയ്യ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് വൻ വിജയം നേടുമെന്ന് കനയ്യ അവകാശപ്പെട്ടു.
'ഹത്രാസ്, ഉന്നാവ്, ലഖിംപൂർ ഖേരി സംഭവങ്ങൾക്ക് പിന്നാലെ നീതി തേടി കോൺഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവർ രാജ്യത്തെ വിൽക്കുകയാണ്. ഇത്തരക്കാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും കനയ്യ പറഞ്ഞു.
2018ൽ ഗ്വാളിയോറിൽ വച്ച് കുമാറിനും ജിഗ്‌നേഷ് മേവാനിക്കും നേരെ ഒരാൾ മഷി എറിഞ്ഞിരുന്നു.