denmark-

കോപ്പൻഹേഗൻ : കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം നീക്കം ചെയ്യുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഡെൻമാർക്ക്. ഒമിക്രോണിന്റെ ഉപവകഭേദം മൂലം കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നതിനിടെയിലും രാജ്യത്തെ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ നീക്കി. രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്ക് പരിഗണിച്ചാണ് തീരുമാനം. ഇൻഡോർ കൂടിച്ചേരലുകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

ഫേസ്‌മാസ്കും കൊവിഡ് പാസും നിർബന്ധമല്ല. എന്നാൽ, അതിർത്തികളിൽ വിദേശത്ത് നിന്നെത്തുന്ന വാക്സിനേറ്റഡ് അല്ലാത്ത യാത്രക്കാർക്ക് ചില നിയന്ത്രണങ്ങളുണ്ട്. രാജ്യത്തെ 60 ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ചെന്നാണ് കണക്ക്. കൊവിഡ് പോസിറ്റീവ് ആകുന്നവർ നാല് ദിവസം സ്വയം ഐസൊലേഷനിൽ പോകണമെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നൽകി വരികയാണ്.