
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയെ ചൊല്ലിയുളള വിവാദത്തിൽ ഗവർണർക്ക് മറുപടി നൽകി സർക്കാർ. നിലവിലെ നിയമത്തിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണ്. അതിനാലാണ് ഭേദഗതി വേണ്ടിവരുന്നതെന്നും സർക്കാർ മറുപടി നൽകി. ഇതിന് രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമില്ല. വിഷയത്തിൽ എ.ജിയുടെ നിയമോപദേശവും സർക്കാർ ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പരാതിയിലും ഓർഡിനൻസിൽ ഒപ്പുവയ്‌ക്കരുതെന്ന് പ്രതിപക്ഷ സംഘടനകൾ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഇത് ഗവർണർ സർക്കാരിന് കൈമാറിയിരുന്നു.
ഓർഡിനൻസ് ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളയുന്നതാണെന്നും അതിനാൽ നിയമഭേദഗതി രാഷ്‌ട്രപതിയ്‌ക്ക് വിടണമെന്നുമാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത്. എന്നാൽ 1999ൽ ലോകായുക്ത നിയമം നിലവിൽ വന്നശേഷം പലതവണ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതിനാൽ ഈ ഭേദഗതിയ്‌ക്കും രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടെന്നുമാണ് സർക്കാർ വാദം.