minnie-mouse

ലോസ്ആഞ്ചലസ് : ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് മിക്കി മൗസും മിന്നി മൗസും. വാൾട്ട് ഡിസ്നിയുടെ ഭാവനയിൽ വിരിഞ്ഞ ഈ കഥാപാത്രങ്ങൾ കാലമെത്ര പിന്നിട്ടാലും ലോകത്തിന്റെ പ്രിയപ്പെട്ടവരാണ്. 1928ൽ ' സ്റ്റീം ബോട്ട് വില്ലി"യെന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെയാണ് ഇരുവരും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ നീണ്ട 90 വർഷങ്ങൾക്ക് ശേഷം നമ്മുടെ മിന്നി മൗസ് ഒന്ന് മേക്കോവർ ആകാൻ തീരുമാനിച്ചിരിക്കുകയാണ്. മനോഹരമായ റെഡ് പോൾക്കാ ഡോട്ട് ഷോർട് ഡ്രസിന് പകരം നീല നിറത്തിലെ പാന്റ് സ്യൂട്ടണിഞ്ഞ് പുത്തൻ ഗെറ്റപ്പിലാണ് മിന്നി മൗസ് എത്തുന്നത്. ഡിസ്നി കമ്പനി തന്നെയാണ് പാന്റ് സ്യൂട്ട് അണിഞ്ഞ മിന്നി മൗസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. സ്റ്റെല്ല മക്കാർറ്റ്‌നിയെന്ന ബ്രിട്ടീഷ് ഡിസൈനറാണ് മിന്നിയുടെ വസ്ത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. നിറം മാറിയെങ്കിലും തലയിലെ മനോഹരമായ ബോ മാറ്റാൻ മിന്നി മൗസിന് ഏതായാലും ഉദ്ദേശമില്ല. ഡിസ്നിലാൻഡിന്റെ പാരീസ് റിസോർട്ടിന്റെ 30ാം വാർഷികത്തോടനുബന്ധിച്ചാണ് മിന്നി മൗസിന് പുതിയ ലുക്ക് നൽകിയത്. ഏതായാലും മിന്നി മൗസിന്റെ ഈ മാറ്റം താത്കാലികമാണ്. വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് മാസം നീല പാന്റ് സ്യൂട്ടണിഞ്ഞ മിന്നിയെ ആകും പാരീസ് ഡിസ്നിലാൻഡിൽ കാണുക.